ഷിരൂരിലെ മണ്ണിടിച്ചില്‍; അര്‍ജുന്റേതെന്നു കരുതുന്ന ലോറി നദിക്കടിയില്‍ തലകീഴായി കണ്ടെത്തി, ഉയര്‍ത്താനുള്ള ശ്രമം ആരംഭിച്ചു


കര്‍ണ്ണാടക: ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന്റേതെന്ന് കരുതുന്ന ലോറി കണ്ടെത്തി. പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച തിരച്ചിലിലാണ് നദിയുടെ അടിത്തട്ടില്‍ തലകീഴായി മറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ലോറിയുടെ ക്യാബിന്‍ ഇന്ന് തന്നെ ഉയര്‍ത്താനുള്ള ശ്രമം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇതിനായി ഈശ്വര്‍ മാല്‍പെ വീണ്ടും നദിക്കടിയിലേയ്ക്ക് ഇറങ്ങും. നദിയുടെ ഉപരിതലത്തില്‍ നിന്ന് 15 അടി താഴ്ചയിലാണ് ലോറി കണ്ടെത്തിയത്. ഈശ്വര്‍ മാല്‍പെ നദിക്കടിയില്‍ പോയി ലോറിയില്‍ വടം കെട്ടി. ലോറിയുടെ ക്യാബിന് കീഴിലാണ് മാല്‍പെ വടം കെട്ടിയിരിക്കുന്നത്.

രാവിലെ പുഴയില്‍ ഇറങ്ങി നടത്തിയ പരിശോധനയില്‍ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തിരുന്നു. അര്‍ജുന്‍ ലോറിയില്‍ കൊണ്ട് വന്ന തടിക്കഷ്ണമാണെന്ന് ലോറി ഉടമ മനാഫും സ്ഥിരീകരിച്ചിരുന്നു.
കാണാതായ അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യത്തില്‍ ഇന്ന് ഒരു തീരുമാനമുണ്ടാകുമെന്ന് എംഎല്‍എ സതീഷ് സെയ്ദ് വ്യക്തമാക്കി.