കൊയിലാണ്ടി നഗരസഭയുടെ സമഗ്ര കുടിവെള്ള പദ്ധതിക്കായി ഇനിയും അപേക്ഷിച്ചില്ലേ? എങ്കില്‍ ഇനി വൈകേണ്ട
കൊയിലാണ്ടി: നഗരസഭ വിതരണം ചെയ്യുന്ന കുടിവെള്ളം ആവശ്യമുള്ളവര്‍ എത്രയും പെട്ടെന്ന് അപേക്ഷാ ഫോറം പൂരിപ്പിച്ച് നല്‍കണമെന്ന് കൊയിലാണ്ടി നഗരസഭ നിര്‍ദേശം. പൂരിപ്പിച്ച അപേക്ഷകളും രേഖകളും വാര്‍ഡ് കൗണ്‍സിലര്‍മാരെയോ പ്രവൃത്തി നടത്തുന്നവരെയോ ഏല്‍പ്പിക്കണമെന്നാണ് നിര്‍ദേശം. അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, 2024-25 കെട്ടിടനികുതിറസീറ്റ് കോപ്പികള്‍ നല്‍കേണ്ടതാണ്.
ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് കണക്ഷന്‍ ചാര്‍ജ് സൗജന്യമാണ്. എ.പി.എല്‍ വിഭാഗക്കാര്‍ 2000 രൂപ കണക്ഷന്‍ചാര്‍ജായി അടയ്ക്കണമെന്നും നഗരസഭ അറിയിച്ചു.
കൊയിലാണ്ടി നഗരസഭയിലെ മുഴുവന്‍ വീടുകളിലും ശുദ്ധജലമെത്തിക്കുന്നതിനായി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതിക്കായി സംസ്ഥാനസര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ഘട്ടങ്ങളിലായി 205 കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 22 കോടി രൂപയും നഗരസഭയ്ക്ക് അനുവദിച്ചിരുന്നു. അതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ 85 കോടി രൂപ ചിലവഴിച്ച് വലിയ മല , സിവില്‍ സ്റ്റേഷന്‍, കോട്ടക്കുന്ന് എന്നീ മൂന്ന് മേഖലകളിലായി കൂറ്റന്‍ ജലസംഭരണികള്‍ നിര്‍മ്മിച്ചു.
ഈ സംഭരണിയില്‍ പെരുവണ്ണാമൂഴി റിസര്‍വോയറില്‍ നിന്നും പൈപ്പ് വഴി കുടി വെള്ളം എത്തിച്ചിട്ടുണ്ട്. ഈ ജല സംഭരണികളില്‍ നിന്നും റോഡ് വഴി പൈപ്പ് സ്ഥാപിക്കുകയും കണക്ഷന്‍ നല്‍കുകയുമാണ് ചെയ്തുവരുന്നത്.
കിഫ്ബിയിലൂടെ അനുവദിച്ച പ്രവൃത്തി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ടാക്ട് സൊസൈറ്റിയാണ് ടെണ്ടര്‍ എടുത്തത്. പൈപ്പിടലും കീറിയ ഭാഗം പുന:സ്ഥാപിക്കുന്ന പ്രവൃത്തിയും ഇതോടൊപ്പം യു.എല്‍.സി.സി കരാര്‍ എടുത്തിട്ടുണ്ട്. ആയതിനാല്‍ പൈപ്പിടല്‍ കഴിഞ്ഞ് വീട്ടു കണക്ഷന്‍ നല്‍കിയ ഉടനെ റോഡുകളും നടപ്പാതകളും ടാറിട്ട് ഗതാഗതയോഗ്യമാക്കും.
കുടിവെള്ളത്തിനായി ഇപ്പോള്‍ കണക്ഷന്‍ എടുത്തില്ലെങ്കില്‍ പിന്നീട് കണക്ഷന് വേണ്ടി വലിയ തുക നല്‍കേണ്ടി വരും. നഗരസഭയിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന സമഗ്രമായ ഈ പദ്ധതി 2025 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യുക എന്നതാണ് നഗരസഭ ലക്ഷ്യമിടുന്നത്.
Summary: The Koyilandy Municipality has instructed those who need drinking water supplied by the Koyilandy Municipal Corporation to fill the application form as soon as possible. It is suggested that the filled applications and documents should be handed over to the ward councilors or those doing the work. Ration card, Aadhaar card, 2024-25 building tax slip copies should be submitted along with the application.