കൊയിലാണ്ടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി; രണ്ടാം ഘട്ടം പ്രവര്‍ത്തി ഉദ്ഘാടന-സംഘാടക സമിതി രൂപീകരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ സമഗ്ര കുടിവെളള പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടന സംഘാടക സമിതി രൂപീകരിച്ചു.
നഗരസഭയുടെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമായി കേരള സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ 120കോടി രൂപ വകയിരുത്തി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച 359 കിലോമീറ്റര്‍ വ്യാപ്തിയുള്ള ജല വിതരണശൃംഖലയുടെ പ്രവൃത്തി ഉദ്ഘാടനം വിജയിപ്പിക്കുന്നതിനാണ് സമിതി രൂപീകരിച്ചത്.
മാര്‍ച്ച് 9 ന് രാവിലെ 11 മണിക്ക് കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്തിന്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്യും. കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ മുഖ്യഥിതി ആവും.
പരിപാടിയുടെ വിജയത്തിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. കൊയിലാണ്ടി ഇ.എം.എസ് ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗം കാനത്തില്‍ ജമീല എം. ഉദ്ഘാടനം ചെയ്തു. ചെയര്‍ പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ എ ഇന്ദിര, കെ ഷിജു, ഇ.കെ അജിത്, പ്രജില സി, നിജില പറവക്കൊടി, വാട്ടര്‍ അതോറിറ്റി അസി, എക്‌സി എഞ്ചിനീയര്‍മാരായ ജഗനാഥന്‍, രവീന്ദ്രന്‍, കൗണ്‍സിലര്‍മാരായ മനോജ് പയറ്റുവളപ്പില്‍, കെ.കെ. വൈശാഖ് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. വൈസ്. ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ സ്വാഗതവും സെക്രട്ടറി ഇന്ദു. എസ് ശങ്കരി നന്ദിയും പറഞ്ഞു.