ആരോഗ്യത്തിന്റെ സര്‍വ്വമേഖലയിലും സ്പര്‍ശിച്ച ‘ജീവതാള’ത്തില്‍ വന്‍ ജനപങ്കാളിത്തം; ‘ജീവതാളം- സുകൃതം ജീവിതം’ മെഗാ മെഡിക്കല്‍ ക്യാമ്പും എക്‌സിബിഷനും ശനിയാഴ്ച സാമാപിക്കും


കൊയിലാണ്ടി: രണ്ട് ദിവസമായി കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ‘ജീവതാളം- സുകൃതം ജീവിതം’ മെഗാ മെഡിക്കല്‍ ക്യാമ്പും എക്‌സിബിഷനും നാളെ സമാപിക്കും. ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഇ.എം.എസ് ടൗണ്‍ ഹാളില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ആയിരക്കണക്കിനാളുകളാണ് ഇതിനോടകം എത്തിച്ചേര്‍ന്നത്. രോഗ നിര്‍ണയം, ബോധവല്‍ക്കരണം തുടങ്ങി ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മെഡിക്കല്‍ ക്യാമ്പുകള്‍, കാന്‍സര്‍- വൃക്ക രോഗ നിര്‍ണയ ക്ലിനിക്ക്, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍, സെമിനാറുകള്‍, ഡോക്യുമെന്ററി പ്രദര്‍ശനം, ആരോഗ്യ വിജ്ഞാന പ്രദര്‍ശനം തുടങ്ങിയവയാണ് പരിപാടിയുടെ ഭാഗമായി നടത്തുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ്, പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, മലബാര്‍ മെഡിക്കല്‍ കോളേജ് മൊടക്കല്ലൂര്‍, തണല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളുടെ പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

4000 പേര്‍ക്ക് വൃക്കരോഗ നിര്‍ണയത്തിന്റെ ആദ്യ പരിശോധനയായ ആല്‍ബുമിന്‍ ഷുഗര്‍ പരിശോധനയും ഇതില്‍ പ്രശ്‌നം കണ്ടെത്തുന്ന മുഴുവനാളുകള്‍ക്കും ആര്‍എഫ്ടി ടെസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കൂടാതെ ബ്രെസ്റ്റ് സ്‌കീനിംഗില്‍ സംശയം കണ്ടെത്തുന്ന 200 പേര്‍ക്ക് മാമ്മോഗ്രാം ചെയ്യുന്നതിനുള്ള സൗകര്യം, ഗര്‍ഭാശയഗള പരിശോധനയ്ക്ക് വിധേയരാവുന്നതില്‍ നിന്നും 100 പേര്‍ക്ക് പാപ്‌സമിയര്‍ പരിശോധനയ്ക്കുള്ള സൗകര്യം എന്നിവയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കൊയിലാണ്ടി നഗരസഭയിലെ ജനപ്രതിനിധികള്‍, ജീവനക്കാര്‍, താലൂക്ക് ആശുപത്രി , തിരുവങ്ങൂര്‍ ബ്ലോക്ക് എഫ്.എച്ച്.സി എന്നിവരുടെ നേതൃത്വത്തില്‍ ആശ, ഐസിഡിഎസ്, കുടുംബശ്രീ, പാലിയേറ്റീവ്, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.