പന്തലായനിയില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ച സംഭവം; ജാതിയധിക്ഷേപം നടത്തി ബോധപൂർവ്വം സംഘർഷം സൃഷ്ടിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌ ഡി.വൈ.എഫ്.ഐ


കൊയിലാണ്ടി: പന്തലായനിയിൽ വീട്ടിൽ കയറി അതിക്രമം നടത്തിയ സംഭവത്തിന് രാഷ്ട്രീയ നിറം നൽകാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് ഡി.വൈ.എഫ്.ഐ. പന്തലായനി സ്ഥിരതാമസമായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവിനും, അമ്മക്കും നേര നിരന്തരം ജാതിയധിക്ഷേപം നടത്തുന്ന ഉണ്ണികൃഷ്ണൻ എന്നയാൾ അന്നേ ദിവസം അവരുടെ വീട്ടിൽ കയറി ജാതിയാധിക്ഷേപം നടത്തുകയും വീടാക്രമിക്കുകയും ചെയ്തതാണ് സംഘർഷത്തിന്‌
തുടക്കമായതെന്ന് ഡി.വൈ.എഫ്.ഐ പറയുന്നു.

തുടർന്ന് ഉണ്ണികൃഷ്ണൻ്റെ വീട്ടിലേക്ക് വിഷയത്തെകുറിച്ച് അന്വേഷിക്കാൻ അധിക്ഷേപത്തിനിരയായ യുവാവും സുഹൃത്തുക്കളും വരികയും തുടർന്ന് ഉണ്ടായ സംസാരം വാക്കേറ്റത്തിൽ എത്തുകയും ഉണ്ണികൃഷ്ണൻ വന്നവർക്കെതിരെ “നഞ്ചക്ക്” ഉപയോഗിച്ച് ആക്രമിക്കുകയുമാണ് ഉണ്ടായത്. അതിൻ്റെ ഭാഗമായുണ്ടായ സംഭവത്തെ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ച് ഒരു ഭാഗം മാത്രം വിഡിയോയിൽ ചിത്രീകരിക്കുകയും തികച്ചും വസ്തുതാവിരുദ്ധമായ രൂപത്തിൽ പ്രചരിക്കുകയും രാഷ്ട്രീയ ലാഭം ഉണ്ടാക്കാനുമാണ് ഉണ്ണികൃഷ്ണനും കോൺഗ്രസും ശ്രമിക്കുന്നതെന്ന്‌ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പറഞ്ഞു.

ഈ സംഭവത്തിന് രാഷ്ട്രീയ നിറം നൽകി ഡി.വൈ.എഫ്.ഐയെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസും മറ്റ് ഡി.വൈ.എഫ്.ഐ വിരുദ്ധരും നടത്തുന്ന ഗൂഡാലോചന തിരിച്ചറിയണം. വിഷയത്തിൽ ഡി.വൈ.എഫ്.ഐ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. പോലീസ് കൃത്യമായ അന്വേഷണം നടത്തി എത്രയും പെട്ടന്ന് വിഷയത്തിൻ്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരികയും പ്രതികൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നും ആവിശ്യപ്പെടുന്നതായി ഡി.വൈ.എഫ്.ഐ അറിയിച്ചു.

Description: The incident of assaulting the head of the household; DYFI wants to take action against those who created the conflict