കാറിലെത്തിയ സംഘം മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തി; താമരശ്ശേരി ചുരത്തില്‍ യുവ അഭിഭാഷകനുനേരെ ആക്രമണം
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ യുവ അഭിഭാഷകന് നേരെ ആക്രമണം. കല്പറ്റ മണിയംകോട് സാകേതം വീട്ടില്‍ സച്ചിനെ (29)യാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്. തിരുവനന്തപുരത്താണ് സച്ചിന്‍ അഭിഭാഷകനായി ജോലിചെയ്യുന്നത്. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണമെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച വൈകുന്നേരം ആറരയോടെ ചുരം ഏഴാം ഹെയര്‍പിന്‍ വളവിലാണ് സംഭവം.
മൂര്‍ച്ചയുള്ള ആയുധംകൊണ്ട് കുത്തിയതിനെത്തുടര്‍ന്ന് സച്ചിന്റെ കൈകളിലും തലയുടെ വലതുവശത്തും മുറിവേറ്റു. സച്ചിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈതപ്പൊയില്‍ ഭാഗത്തുപോയി വയനാട്ടിലേക്ക് മടങ്ങവെ വളവില്‍വെച്ച് സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് റോഡരികില്‍ നില്‍ക്കുകയായിരുന്ന സച്ചിനെ അതുവഴി കാറിലെത്തിയ ഒരുസംഘം വാക്കേറ്റത്തിനൊടുവില്‍ ആക്രമിക്കുകയായിരുന്നു. മുന്‍പരിചയമുള്ള വ്യക്തിയുടെ നേതൃത്വത്തിലെത്തിയ സംഘത്തില്‍ നാലുപേരാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.