തൃശ്ശൂരിലെ എം.ടി.എം കവര്‍ച്ച; പണം നിറച്ച കണ്ടെയ്‌നറുമായി പ്രതികള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍, വെടിവെയ്പ്പില്‍ ഒരു പ്രതി കൊല്ലപ്പെട്ടു, അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍


തമിഴ്‌നാട്: തൃശ്ശൂരില്‍ എ.ടി.എം കവര്‍ച്ച നടത്തിയ സംഘം തമിഴ്നാട്ടില്‍ പിടിയില്‍. നാമക്കലിന് സമീപത്ത് വെച്ചാണ് ആറംഗ സംഘം പോലീസിന്റെ വലയിലായത്. പ്രതികളില്‍ ഒരാള്‍ പോലീസിന്റെ വെടിയേറ്റുമരിച്ചു. പ്രതികളെ പിടികൂടുന്നതിനിടയില്‍ ഒരു പോലീസുകാരന് കുത്തേറ്റു.

കണ്ടെയ്നര്‍ ലോറിയില്‍ സഞ്ചരിക്കുന്നതിനെ ലോറി മറ്റൊരു വാഹനത്തില്‍ ഇടിച്ചതാണ് പ്രതികളെ കുടുക്കിയത്. ഇടിച്ചതിന് ശേഷം ലോറി നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് നാട്ടുകാരും പോലീസും ലോറിയ്ക്ക് പിന്നാലെ പോവുകയും പ്രതികളെ വളഞ്ഞിട്ട് പിടികൂടുകയുമായിരുന്നു. അതിനിടെയാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് തമിഴ്നാട് പോലീസില്‍നിന്ന് ലഭിക്കുന്ന വിവരം.

മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ നിന്നും 60 ലക്ഷത്തിലധികം രൂപയാണ് ഇവര്‍ കൊള്ളയടിച്ചത്. പുലര്‍ച്ചെ മൂന്നിനും നാലിനും മധ്യേയാണ് സംഭവം. കാറിലെത്തിയ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം കൊള്ളയടിച്ചത്. 4 പേരാണ് കവര്‍ച്ച സംഘത്തിലെന്നാണ് നിഗമനം. വെള്ള കാറിലാണ് ഇവരെത്തിയത് എന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയത്. പിന്നില്‍ പ്രഫഷനല്‍ മോഷ്ടാക്കളാണെനാണ് വിവരം. മുഖംമൂടി ധരിച്ച സംഘം ക്യാമറകളൊന്നും നശിപ്പിച്ചിട്ടില്ല.

നായ്ക്കനാല്‍ എടിഎം തകര്‍ക്കുന്നതിനിടയില്‍ പോലീസിന് അലര്‍ട്ട് ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് ഇവിടേക്ക് പാഞ്ഞു എത്തുമ്പോഴേക്കും അവിടെനിന്നും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. പിന്നീടാണ് കോലഴിയിലെ എടിഎം മോഷ്ടാക്കള്‍ തകര്‍ത്തത്. തൃശ്ശൂരിന്റെ 25 കിലോമീറ്റര്‍ ചുറ്റളവില്‍ രണ്ട് മണിക്കൂറിനുള്ളിലാണ് 3 മോഷണവും നടന്നത്. പ്രതികള്‍ തമിഴ്‌നാട്ടിലേയ്ക്ക് കടന്നുവെന്ന് സൂചന ലഭിച്ചതോടെ കേരള പോലീസ് തമിഴ്‌നാട് പോലീസിന് നേരത്തെ വിവരം കൈമാറിയിരുന്നു.