‘നാട്ടുകാരുടെ ആവശ്യങ്ങളില്‍ എല്ലാം എപ്പോഴും അവന്‍ മുന്‍പിലുണ്ടായിരുന്നു’; മേപ്പയ്യൂരില്‍ കോണിപ്പടിയില്‍ നിന്ന് വീണ് മരിച്ച അഭിന്റെ വിയോഗം ഉള്‍കൊള്ളാനാവാതെ പ്രദേശവാസികൾ; മൃതദേഹം സംസ്കരിച്ചു
മേപ്പയ്യൂര്‍: വീടിന്റെ കോണിപ്പടിയില്‍ നിന്നും വീണ് മരിച്ച മേപ്പയ്യൂര്‍ ജനകീയ മുക്ക് വടക്കെ പറമ്പില്‍ അഭിന്റെ സംസ്‌കാര ചടങ്ങുകല്‍ ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ വീട്ടുവളപ്പില്‍ നടന്നു. ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായ അഭിനെ അവസാനമായി ഒരുനോക്കു കാണാന്‍ പഴയകാല എസ്.എഫ്.ഐ. സുഹൃത്തുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധിപ്പേരാണ് ജനകീയ മുക്കിലെ വീട്ടിലേക്കെത്തിയത്.
പാര്‍ട്ടി പ്രവര്‍ത്തനത്തിലുപരി നാട്ടിലെ തന്നെ സജീവ പ്രവര്‍ത്തകനായ അഭിന്റെ അകാലത്തിലെ വിയോഗം ഉള്‍ക്കൊള്ളാനാവാത്ത സങ്കടത്തിലാണ് സുഹൃത്തുക്കളും നാട്ടുകാരും. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ കൈവരിയില്ലാത്ത കോണിപ്പടിയില്‍ നിന്നും അഭിന്‍ താഴേക്കു വീണത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സ്‌കൂള്‍ കാലം മുതലേ എസ്.എഫ്.ഐയുടെ നേതൃരംഗത്ത് പ്രവര്‍ത്തിച്ച അഭിന്‍ ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനാണ്. എസ്.എഫ്.ഐ മേപ്പയ്യൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം, എസ്.എഫ്.ഐ ജനകീയ മുക്ക് യൂണിറ്റ് സെക്രട്ടറി, എസ്.എഫ്.ഐയുടെ പേരാമ്പ്ര ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളില്‍ അഭിന്‍ പ്രവര്‍ത്തിച്ചിരുന്നു. സി.പി.എം പ്രവര്‍ത്തകയായ അഭിന്റെ അമ്മ ശ്രീജ നിലവില്‍ ജനകീയമുക്കില്‍ നിന്നുള്ള പഞ്ചായത്ത് മെമ്പറാണ്.
മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരിക്കെ അന്നത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ എസ്.എഫ്.ഐ നയിച്ച സമരങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നയാളാണ് അഭിന്‍. പ്ലസ് ടു കാലത്തും എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയായിരുന്നു.
അച്ഛന്‍: ബാലകൃഷ്ണന്‍. സഹോദരങ്ങള്‍: അജിന്ദ്, അജിന്ദ്യ, അജില്‍.
summary: the funeral rites of the person who died after falling down on the stairs from meppayur are over