”മകളെ കഴുത്തില്‍ കേബിളിട്ട് മുറുക്കി, കുനിച്ചുനിര്‍ത്തി ഇടിച്ചു”; നവവധുവിനെ മര്‍ദിച്ചത് സ്ത്രീധനത്തിന്റെ പേരിലെന്ന് വധുവിന്റെ പിതാവ്
കോഴിക്കോട്: ഒരാഴ്ച മുമ്പ് വിവാഹിതയായ വധുവിനെ ഭര്‍ത്താവ് ക്രൂരമര്‍ദത്തിന് ഇരയാക്കിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി വധുവിന്റെ പിതാവ്. മകളെ കഴുത്തില്‍ കേബിളിട്ട് മുറുക്കുകയും ബെല്‍റ്റു കൊണ്ട് അടിക്കുകയും തലയിലും മുതുകിലും ഇടിക്കുകയും ചുണ്ടു വലിച്ചു മുറിക്കുകയും ചെയ്‌തെന്ന് പിതാവ് ആരോപിച്ചു.
”മേയ് അഞ്ചാം തീയതി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു മകളുടെ വിവാഹം. അടുക്കള കാണല്‍ ചടങ്ങിനു വേണ്ടി ഇന്നലെ കുടുംബസമേതം മകളെ കല്യാണം കഴിപ്പിച്ചു വിട്ട വീട്ടില്‍ ചെന്നു. അവിടെ കണ്ടത് ക്ഷീണിച്ച് അവശയായ മകളെയാണ്. അവളുടെ നെറ്റി അവന്‍(രാഹുല്‍) കൈ മുഷ്ടി ചുരുട്ടി ഇടിച്ച മുഴയായിരുന്നു മകളുടെ നെറ്റിയില്‍ കണ്ടത്. തലയുടെ പല ഭാഗത്തും അത്തരത്തില്‍ മുഴയുണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് അവളുടെ കഴുത്തില്‍ മുറുക്കുകയും കുനിച്ചു നിര്‍ത്തി ഇടിച്ചെന്നും പിതാവ് പറയുന്നു. മകള്‍ ഓടാന്‍ ശ്രമിച്ചപ്പോള്‍ അവന്‍ ഓടിച്ചിട്ട് പിടിച്ച് ബെല്‍റ്റു കൊണ്ട് അടിച്ചു. ബോധം പോയ അവളെ അവര്‍ ആശുപത്രിയില്‍ കൊണ്ടുപോയെന്നും പറഞ്ഞു.
യുവതിയുടെ പരാതിയില്‍ പന്തീരങ്കാവ് തെക്കേ വള്ളിക്കുന്ന് സ്‌നേഹതീരത്തില്‍ രാഹുല്‍ പി.ഗോപാലി (29)നെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. കൂടാതെ മര്‍ദനത്തെക്കുറിച്ച് പരാതി നല്‍കാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയ തങ്ങളെ പോലീസ് അവഗണിച്ചെന്നും തങ്ങളെ വിടുന്നതിന് മുന്‍പ് അവനെ പോലീസ് വിട്ടെന്നും പിതാവ് പറയുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞാണ് മകളെ മര്‍ദിച്ചതെന്നാണ് മകള്‍ തന്നോട് പറഞ്ഞതെന്നും പിതാവ് വ്യക്തമാക്കി.