മുപ്പതോളം പേർ ചേർന്ന് രണ്ട് മണിക്കൂർ നേരം ബാലുശ്ശേരിയിലെ യുവാവിനെ ആക്രമിച്ച സംഭവം; ഡിവൈഎഫ്ഐ പ്രവർത്തകനേയും ഇടത് അനുഭാവിയേും കേസിൽ നിന്നൊഴിവാക്കി


കോഴിക്കോട്: ബാലുശ്ശേരി ആൾക്കൂട്ട ആക്രമണ സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെയും ഇടത് അനുഭാവിയെയും കേസിൽ നിന്നൊഴിവാക്കി പോലീസ്. ഇവരൊഴികെ മറ്റെല്ലാ പ്രതികൾക്കും ആക്രമണത്തിൽ പങ്കുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണ കേസിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിരുന്നു. 11,12 പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ നജാഫ്, ഇടത് അനുഭാവി ഷാലിദ് എന്നിവർ ഒഴികെയുള്ളവർക്കാണ് മർദനത്തിൽ പങ്കെന്ന് പൊലീസ്.

ആദ്യം തന്നെ ഇരുവരുടെയും അറസ്റ്റ് ഒഴിക്കാൻ പൊലീസിന് മേൽ സമ്മർദ്ദമുണ്ടായിരുന്നതായി എസ്.ഡി.പി.ഐ ആരോപണമുന്നയിച്ചിരുന്നു. എസ്.ഡി.പി.ഐ, ലീഗ് പ്രവർത്തകരാണ് ജിഷ്ണുവിനെ അക്രമിച്ചതെന്നാണ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയപ്പെടുന്നത്.

എസ്.ഡി.പി.ഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന ആരോപിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ജിഷ്ണുവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്നത്.

ബാലുശ്ശേരി പാലോളി മുക്കിലെ വാഴേന്റവളപ്പില്‍ ജിഷ്ണു ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമിക്കപ്പെട്ടത്. കൂട്ടുകാരന്റെ വീട്ടില്‍ പോയി തിരിച്ചു വരുന്നതിനിടെ ബൈക്ക് തടഞ്ഞു നിര്‍ത്തി ജിഷ്ണുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. 30 ഓളം പേർ ചേര്‍ന്ന് വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. ജിഷ്ണു സഞ്ചരിച്ച ബൈക്ക് തകര്‍ത്ത് തൊട്ടടുത്ത വയലിലേക്ക് മറിച്ചിട്ടു. വയലിലെ വെള്ളത്തില്‍ മുക്കിക്കൊല്ലാനും ശ്രമിച്ചു. രണ്ട് മണിക്കൂർ നേരത്തെ ക്രൂരമർദ്ദനത്തിന് ശേഷമാണ് ആള്‍ക്കൂട്ടം ജിഷ്ണുവിനെ പൊലീസിന് കൈമാറിയത്.