പൂച്ച കുറുകെ ചാടി; കൈനാട്ടിയില്‍ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു


വടകര: കൈനാട്ടിയില്‍ പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോമറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കുന്നുമ്മക്കര സ്വദേശി കുഞ്ഞിമാണിക്കോത്ത് സുരേഷ് ബാബുവാണ് മരിച്ചത്. അന്‍പത്തിയഞ്ച് വയസ്സായിരുന്നു. യാത്രക്കാരിയായ ബന്ധു മയൂഖക്ക് (23) പരിക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം. മുക്കാളിയില്‍ നിന്ന് വടകരക്ക് പോകുകയായിരുന്ന പൗര്‍ണമി ഓട്ടോ പൂച്ച കുറുകെ ചാടിയപ്പോള്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സാരമായി പരിക്കേറ്റ ഡ്രൈവര്‍ സുരേഷ് ബാബുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല.

മുക്കാളി ഓട്ടോസ്റ്റാന്റിലെ ഓട്ടോഡ്രൈവറായിരുന്നു മരണപ്പെട്ട സുരേഷ് ബാബു.

ഭാര്യ: ഷീബ (നഴ്‌സ് മുക്കാളി ക്ലിനിക്ക്). സഹോദരങ്ങള്‍: അശോകന്‍, പവിത്രന്‍, സന്തോഷ്, മഞ്ജുള, ബിന്ദു, സിന്ധു.