നടേരിയില്‍ സുരക്ഷാ പാലിയേറ്റീവിന് ഇനി കെട്ടിടം നിര്‍മ്മിക്കാം; കെട്ടിടത്തിനായി പഴങ്കാവില്‍ രാജന്‍ മാസ്റ്ററുടെ കുടുംബം നല്‍കിയ സ്ഥലത്തിന്‍റെ രേഖ കൈമാറി


കൊയിലാണ്ടി: സാധാരണ ജനങ്ങളുടെ ആരോഗ്യചികിത്സയ്ക്ക് കൈത്താങ്ങായ പെയ്ന്‍ ആന്റ് പാലിയേറ്റീവി കെയറിന് നടേരിയില്‍ സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം വിട്ടുനല്‍കി പഴങ്കാവില്‍ രാജന്‍ മാസ്റ്ററും കുടുംബവും.

സുരക്ഷാ പാലിയേറ്റീവിനായി നല്‍കിയ സ്ഥലത്തിന്‍റെ രേഖ ബുധനാഴ്ച മേഖലാ രക്ഷാധികാരി ആര്‍.കെ. അനില്‍ കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ കുടുംബം എം.എല്‍.എ കാനത്തില്‍ ജമീലയ്ക്ക് കൈമാറി.

ഈ സ്ഥലത്ത് നാടിന് മുതൽക്കൂട്ടാവുന്ന നിലയിലുള്ള ഒരു പാലിയേറ്റിവ് കേന്ദ്രം സ്ഥാപിക്കുമെന്ന് ആർ.കെ.അനിൽ കുമാർ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കിടപ്പു രോഗികൾക്കായുള്ള ക്ലിനിക്ക്, ഡോക്ടറുടെ ഒ.പി, ഫിസിയോ തെറാപ്പി കേന്ദ്രം, കൗൺസിലിങ്ങ് സെന്റർ ഉൾപ്പടെ ഈ പാലിയേറ്റിവ് കേന്ദ്രത്തിൽ ഒരുക്കുമെന്നും അനിൽകുമാർ പറഞ്ഞു.

ടി.കെ.ചന്ദ്രന്‍ , കെ.ഷിജു, പി.വി.മാധവന്‍. എം.പ്രമോദ്, സുധ, എന്‍.കെ.ശ്രീനിവാസന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Summary: The document of the place given for palliative care was handed over