രോഗം സ്ഥിരീകരിച്ചത് രണ്ടാഴ്ച മുമ്പ്, കുടുംബത്തെയും നാടിനെയും തളര്‍ത്തി ചെറുവണ്ണൂര്‍ സ്വദേശിനി ആര്യയുടെ അവസാന യാത്ര
ചെറുവണ്ണൂര്‍: രണ്ടാഴ്ച മുമ്പാണ് ചെറുവണ്ണൂര്‍ തെക്കെ പെരുവന ആര്യയ്ക്ക് ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. കുടുംബത്തിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ അറിയാവുന്ന നാട്ടുകാര്‍ ചേര്‍ന്ന് ആര്യയ്ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.
അപൂര്‍വ്വമായ രക്താര്‍ബുദമാണ് 21കാരിയായ ആര്യയെ പിടികൂടിയത്. ചികിത്സയിലൂടെ ആര്യയെ തിരിച്ചുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബവും നാട്ടുകാരും. ചികിത്സാ ചെലവ് കണ്ടെത്തുന്നതിനായി ജനപ്രതിനിധികളുടെ കൂടെ സഹായത്തോടെ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതായിരുന്നു. ഇതിനിടെയാണ് ആര്യ പെട്ടെന്ന് യാത്രയായത്.
പെരുവന കരുണാകരന്‍ സുനിത ദമ്പതികളുടെ മകളാണ് ആര്യ. ബിരുദം പൂര്‍ത്തിയാക്കിയശേഷം പി.എസ്.സി പരിശീലനത്തിലായിരുന്നു. അരുണ്‍ സഹോദരനാണ്.
ആര്യയുടെ മൃതദേഹം ഇന്ന് മൂന്നുമണിയോടെ ചെറുവണ്ണൂരിലെ വീട്ടിലെത്തും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.