ആ 23 പേരും മടങ്ങിയെത്തി, ചേതനയറ്റ ശരീരങ്ങളായി; കുവെെത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലേക്ക്
കൊച്ചി: സ്വപ്നങ്ങളും പ്രതീക്ഷകളുമായി കടൽ കടന്ന് പ്രവാസ ജീവതം തേടിപോയ ആ 23 പേരും ഇന്ന് മടങ്ങിയെത്തി, മിഠായികളോ, അത്തറുകളോ സമ്മാനപ്പൊതികളോ ഇല്ലാതെ, ചേതനയറ്റ ശരീരങ്ങളായി. നിറചിരിയോടെ സ്വീകരിച്ചിരുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇന്നവരെ നിറകണ്ണുകളോടെ വരവേറ്റും.
കുവൈത്തില്‍ തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ തീയില്‍പൊലിഞ്ഞ 23 പേരുടെ മൃതദേഹങ്ങളും വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തി. തീപ്പിടിത്തത്തില്‍ മരിച്ച 49 ഇന്ത്യക്കാരുടെയും മൃതദേഹവുമായി വെള്ളിയാഴ്ച രാവിലെ 10.32 നാണ് വ്യോമസേന വിമാനം കൊച്ചിയില്‍ ഇറങ്ങിയത്.
വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരിക്കലും തീരാത്ത നഷ്ടമാണിതെന്ന് മൃതദേഹം ഏറ്റുവാങ്ങുംമുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും വിമാനത്താവളത്തിലെത്തി. മൃതദേഹങ്ങള്‍ എത്രയുംപെട്ടെന്ന് വീടുകളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജന്‍ അറിയിച്ചു. നെടുമ്പാശ്ശേരിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും കുടുംബാംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ചശേഷം പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സുകളില്‍ വീടുകളിലേക്ക് കൊണ്ടുപോകും.