നാദാപുരത്ത് വെട്ടേറ്റ യുവതിയുടെ ശസ്ത്രക്രിയ പൂർത്തിയായി; പ്രതി അറസ്റ്റിൽ; തെളിവെടുപ്പ് ഉടൻ


നാദാപുരം: നാദാപുരത്ത് യുവാവ് വെട്ടിപരിക്കേല്‍പ്പിച്ച യുവതിയുടെ ശസ്ത്രക്രിയ അവസാനിച്ചു. ദേഹമാസകലം വെട്ടേറ്റതിന് പുറമെ ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നതിനാലാണ് അടിയന്തിരമായി ശസ്ത്രക്രിയ നടത്തിയത്. യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്.

അതേ സമയം പ്രതി റഫ്‌നാസിനെതിരെ വധശ്രമത്തിന് കേസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തെളിവെടുപ്പ് ഉടനുണ്ടാകുമെന്നാണ് വിവരം.

പെൺകുട്ടിയെ ആക്രമിച്ച ശേഷം ഇയാൾ ആത്മഹത്യക്കു ശ്രമിച്ചിരുന്നു. അക്രമിയുടെ മൊഴി വിശദമായ രേഖപെടുത്തുമെന്ന് പോലീസ് പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. നാദാപുരത്തെ സ്വകാര്യ കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിയും പേരോട് സ്വദേശിയുമായ നഹീമയെ ബൈക്കിലെത്തിയ കുറ്റ്യാടി മൊകേരി സ്വദേശി റഫ്‌നാസ് എന്ന 22 കാരന്‍ നഹീമയ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. യുവതിയെ ആദ്യം ഇയാൾ വഴിയില്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. കല്ലാച്ചി തട്ടയത്ത് എം.എല്‍.പി സ്‌കൂള്‍ പരിസരത്ത് ഇരുവരും തമ്മില്‍ ഏറെനേരം വാക്കുതര്‍ക്കമുണ്ടായിരുന്നു.

തര്‍ക്കത്തില്‍ നാട്ടുകാര്‍ ഇടപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് റഫ്നാസ് കൈയ്യില്‍ കരുതിയിരുന്ന കൊടുവാള്‍ കൊണ്ട് നഹീമയെ വെട്ടുന്നത്. തലയ്ക്കും ശരീരമാസകലവും വെട്ടേറ്റു. വെട്ടേറ്റ പെണ്‍കുട്ടിയെ ഗുരുതര പരിക്കുകളോടെ വടകരയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലഗുരതരമായതോടെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇതിനിടെ രക്ഷപ്പെട്ട റഫ്നാസിനെ നാട്ടുകാര്‍ പിന്തുടര്‍ന്നു. പിടികൂടാനുള്ള ശ്രമത്തിനിടെ യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ ഇയാളെ പിടികൂടി പൊലീസിനു കൈമാറി. ഉടന്‍ നാദാപുരത്തെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

ഇരുവരും നേരത്തെ പ്ലസ്ടുവിന് ഒരുമിച്ച് പഠിച്ചവരായിരന്നു. പ്രണയ നൈരാശ്യം മൂലമാണ് പെണ്‍കുട്ടിയെ വെട്ടിയതെന്നാണ് യുവാവ് മൊഴി നൽകി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ് ഇരുപതുകാരി.