ആദ്യം നിരസിച്ചു, പിന്നീട് സ്വീകരിച്ചു; ചങ്ങരോത്ത് ഹോളി ഫാമിലി യു.പി സ്കൂളിലെ കുരുന്നുകൾക്ക് ഡി.വൈ.എഫ്.ഐയുടെ സ്നേഹ സമ്മാനം


പേരാമ്പ്ര: പ്രവേശനോത്സവത്തോടനുബന്ധിച്ച് ചങ്ങരോത്ത് ഹോളി ഫാമിലി യു.പി സ്കൂളിലെ കുരുന്നുകൾക്ക് സമ്മാനവുമായി ഡി.വൈ.എഫ്.ഐ എത്തി. പ്രവേശനോത്സവ ദിനത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്കൂളിലെത്തിയപ്പോൾ അധികൃതർ ആദ്യം നിരസിച്ചിരുന്നു. എന്നാൽ പിന്നീട് സ്വീകരിക്കുകയായിരുന്നു.

പുതുതായി ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുരുന്നുകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഹോളി ഫാമിലി യു.പി സ്കൂളിൽ സ്നേഹപ്പൊതികളുമായി എത്തിയതായിരുന്നു ഡി.വൈ.എഫ്.ഐ പന്തിരിക്കര മേഖലകമ്മിറ്റി. അന്ന് അവിടെ ഉണ്ടായിരുന്ന അധ്യാപകരാണ് സമ്മാനം വാങ്ങാതെ നിഷേധിച്ചത്.

പിന്നീട് സ്കൂളിൽ പുതുതായി ചുമതലയേറ്റ പ്രധാനാധ്യാപകൻ ഷിബു മാസ്റ്റർ വിഷയത്തിൽ ഇടപെടുകയും ഡി.വൈ.എഫ്.ഐയുമായി ചർച്ച നടത്തുകയും ചെയ്തു. അധ്യാപകരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് പറഞ്ഞ അദ്ദേഹം സമ്മാനം കുട്ടികൾക്ക് നൽകണമെന്ന് ഡി.വൈ.എഫ്.ഐയോട് ആവശ്യപ്പെടുകയുമുണ്ടായി.

തുടർന്നാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്കൂളിൽ എത്തി കുരുന്നുകൾക് സ്നേഹപ്പൊതികൾ വിതരണം ചെയ്തത്. ചടങ്ങിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വി.കെ.അമർഷാഹി, പ്രസിഡന്റ് എം.എം.ജിജേഷ്, ട്രഷർ ആദിത്യ സുകുമാരൻ, മേഖല സെക്രട്ടറി എ.പി.ബിപിൻ, പ്രസിഡന്റ് കെ.എസ്.സജിത്ത്, ട്രഷർ കെ.എം.ഷിനോജ് എന്നിവർ പങ്കെടുത്തു.