ആളൊഴിഞ്ഞ സ്ഥലത്ത് മാലിന്യം തള്ളി മുങ്ങുന്നവര്‍ക്ക് പിടിവീഴും; കൊയിലാണ്ടി ഇനി ക്യാമറ നിരീക്ഷണത്തില്‍; ശുചിത്വ നിരീക്ഷണ ക്യാമറകള്‍ ഒക്ടോബര്‍ രണ്ടിന് മിഴിതുറക്കും
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിന്റെ ശുചിത്വം ഉറപ്പാക്കാന്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ ഒക്ടോബര്‍ രണ്ട് മുതല്‍ മിഴിതുറക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച 26 ശുചിത്വ നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് രാവിലെ ഒമ്പതുമണിക്ക് കൊയിലാണ്ടി എല്‍.ഐ.സി റോഡില്‍ കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിക്കും. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ശുചിത്വ ക്യാമറകളും തുറക്കുന്നത്.
ആനക്കുളം ബസ് സ്റ്റോപ്പിന് സമീപം, ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപം, നെല്ല്യാടി പാലത്തിന് സമീപം, നടേരി അക്വഡേറ്റിന് സമീപം, കൊല്ലം മത്സ്യമാര്‍ക്കറ്റ്, പന്തലായനി റോഡ് മുത്താമ്പി റോഡ് ജങ്ഷന്‍, പെരുവട്ടൂര്‍ ജങ്ഷന്‍, മുത്താമ്പി, മഞ്ഞളാട് മല എം.സി.എഫ്, കാവുംവട്ടം ജങ്ഷന്‍, അണേല കണ്ടല്‍പാര്‍ക്ക്, കണയങ്കോട് പാലത്തിന് സമീപം, റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെ കല്ല്യാണ്‍ ബാറിന് സമീപം, ഡോ.സതീഷിന്റെ വീടിനു പരിസരം, എല്‍.ഐ.സി റോഡില്‍ സ്‌കൂള്‍ മതിലിന് സമീപം, ഹാപ്പിനസ് പാര്‍ക്കിന് സമീപം, ബസ് സ്റ്റാന്റ് തുംബൂര്‍ മൂഴിക്ക് സമീപം, ബപ്പന്‍കാട് ടോള്‍ബൂത്തിന് സമീപം, ബസ് സ്റ്റാന്റ് പച്ചക്കറി വിപണന കേന്ദ്രത്തിന് സമീപം, ബസ് സ്റ്റാന്റ് കംഫര്‍ട്ട് സ്റ്റേഷന് സമീപം, മീത്തലെക്കണ്ടി പള്ളിക്ക് സമീപം, എന്‍.എച്ച് ഹൈവേ ഹാര്‍ബര്‍ ജങ്ഷന്‍, ഹാര്‍ബറിന് സമീപം, സിവില്‍ സ്റ്റേഷന്‍ സ്നേഹാരമത്തിന് സമീപം, വിയ്യൂര്‍ വില്ലേജ് ഓഫീസിന് സമീപം, കൊല്ലം ചിറ ഗാന്ധി പ്രതിമയ്ക്ക് സമീപം എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.
നഗരസഭയുടെ ഫണ്ടില്‍ പത്തുലക്ഷം രൂപ ചെലവിലാണ് ക്യാമറകള്‍ സ്ഥാപിച്ചത്. രാത്രിസമയത്തും പുലര്‍ച്ചയുമെല്ലാം വാഹനങ്ങളാക്കി മാലിന്യങ്ങള്‍ ആളൊഴിഞ്ഞ സ്ഥലത്ത് തള്ളുന്നവരെ പിടികൂടുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. നഗരസഭയുടെ ഈ നീക്കം കൊയിലാണ്ടി നഗരത്തെ കൂടുതല്‍ സുരക്ഷിതമാക്കും. അടുത്തിടെയായി വര്‍ധിച്ചുവരുന്ന മോഷണ സംഭവങ്ങള്‍ക്ക് തടയിടാനും ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്. മോഷ്ടാക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം ഒഴിവാക്കാന്‍ ഇത് സഹായകരമാകുമെന്നാണ് വ്യാപാരികളും പറയുന്നത്. പല കേസുകളിലും പൊലീസിനും ഈ ക്യാമറ തുണയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Summary: The cleanliness surveillance cameras will open on October 2 in Koyilandy