സംസ്ഥാന പ്രസിഡന്റായി ടി. ബാലകൃഷ്ണൻ; വയോജന സംഗമമായി മാറി ചെങ്ങോട്ടുകാവിലെ ആദരിക്കൽ ചടങ്ങ്
ചെങ്ങോട്ടുകാവ്: കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയും ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി നടത്തിയ സ്നേഹാദരം പരിപാടി ഗൃഹാതുരത്വം തുളുമ്പുന്ന വയോജന സംഗമമായി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. വാസുദേവൻ നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ കെ. അബൂബക്കർ അധ്യക്ഷ്യം വഹിച്ചു.
കേരള സർവ്വോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടി. ബാലകൃഷ്ണൻ, വയോജനങ്ങൾക്കായുള്ള ദേശീയ നീന്തൽ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കൊയിലാണ്ടിയിലെ കെ. നാരായണൻ നായർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ആശ്രമം സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ഇരുവർക്കും പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.
മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് സത്യപാലൻ മാസ്റ്റർക്ക് വേണ്ടി മാസ്റ്ററുടെ മകളും സംഘടനാ അംഗമായ റജീനാ സത്യപാലൻ, ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റിയ്ക്ക് വേണ്ടി പൂളക്കണ്ടി അഹമ്മദ് ഹാജി, പത്മനാഭൻ നായർ പത്മശ്രീ, എന്നിവരെ പൊന്നാട അണിയിച്ചു. അനുമോദനങ്ങൾക്ക് സൗഹൃദത്തിന്റേയും സ്നേഹത്തിന്റെയും മാധുര്യത്തോടെ, ബാലകൃഷ്ണനും, നാരായണൻനായരും, മറുപടി നൽകി. ചടങ്ങിൽ ജില്ലാ സെക്രട്ടറി സോമൻ ചാലിൽ സ്വാഗതവും ഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി.കെ. വേണുഗോപാൽ നന്ദിയും പറഞ്ഞു.