ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
അരിക്കുളം: ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഊരള്ളൂര്‍ താമസിക്കുന്ന പെയിന്റിങ് തൊഴിലാളി രാജീവന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞതായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോടു പറഞ്ഞു.
മരണം കൊലപാതകമാണോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാജീവന്റെ വസ്ത്രത്തിന്റെ ചെറിയ ഭാഗങ്ങളില്‍ നിന്നുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കൂടാതെ ഭാര്യ മൃതദേഹം രാജീവന്റേതാണെന്ന് സ്ഥിരീകരിച്ചിരുന്നു.
മരണം സംഭവിച്ചത് എങ്ങനെയെന്ന കാര്യത്തില്‍ ഡോക്ടര്‍മാരുടെയടക്കം റിപ്പോര്‍ട്ട് കിട്ടിയശേഷമേ വ്യക്തതവരൂവെന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞത്. സ്ഥലത്തുനിന്നും കരിഞ്ഞ നിലയില്‍ മൃതദേഹവും ലൈറ്ററും കണ്ടെടുത്തിട്ടുണ്ട്.
എറണാകുളം സ്വദേശിയായ രാജീവന്‍ കുറച്ചുകാലമായി കരിങ്കുളത്ത് താമസിക്കുകയാണ്. ഈ പ്രദേശത്ത് ഇയാള്‍ സാധാരണയായി വരാറുണ്ടായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഇന്ന് രാവിലെയാണ് ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ കുഴിവയല്‍ താഴെ പുതിയെടുത്ത് വീടിന് സമീപം വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. വയലില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ കാലുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് സമീപത്ത് കത്തിച്ചതിന്റെ പാടുകളും കണ്ടു. തുടര്‍ന്ന് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹത്തിന്റെ മറ്റുഭാഗങ്ങള്‍ കണ്ടെത്തിയത്.
അധികം ആള്‍താമസമില്ലാത്ത വിശാലമായ വയല്‍ പ്രദേശമാണിത്. സമീപത്തായി ഒരു വീടുള്ളത് ആള്‍താമസമില്ലാതെ വര്‍ഷങ്ങളായി പൂട്ടിക്കിടക്കുകയാണ്. സാധാരണയായി ലഹരി ഉപയോഗിക്കുന്നവരും മദ്യപിക്കുന്നവരുമൊക്കെയാണ് ഈ പ്രദേശത്ത് വന്നിരിക്കാറുള്ളതെന്നും നാട്ടുകാര്‍ പറയുന്നു.