മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് കടലില്‍ കാണാതായ മുഹമ്മദ് ഷാഫിയുടെ മൃതദേഹം കൊളാവിപ്പാലത്ത് നിന്നും കണ്ടെത്തി
പയ്യോളി: മീന്‍ പിടിക്കുന്നതിനിടെ മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് ഭാഗത്ത് നിന്നും കാണാതായ മുഹമ്മദ് ഷാഫിയുടെ മൃതദേഹം കണ്ടെത്തി. പയ്യോളി കൊളാവിപ്പാലം ഭാഗത്ത് നിന്നുമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 8.30 യോടെ മിനിഗോവയുടെ പടിഞ്ഞാറ് ഭാഗത്ത് നിന്നും തീരത്ത് അടിഞ്ഞ നിലയിലായിരുന്നു പ്രദേശവാസികള്‍ മൃതദേഹം കണ്ടത്. ഉടനെ കോസ്റ്റല്‍ പോലീസിനെയും അധികൃതരെയും വിവരമറിയിക്കുകയായിരുന്നു.
ഇന്നലെ രാവിലെ 8.40ഓടെയാണ് കരവല വീശുന്നതിനിടെ ചേളാരി സ്വദേശിയായ മുഹമ്മദ് ഷാഫിയെ തിരയില്‍പ്പെട്ട് കാണാതായത്. വല കടലിലേക്ക് ആഴ്ന്നു വലിക്കാന്‍ ശ്രമിക്കുമ്പോള്‍ ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. പിന്നാലെ കൂടെയുണ്ടായിരുന്നയാള്‍ കടലിലിറങ്ങി കയര്‍ നല്‍കിയെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.
തൊട്ടടുത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്താന്‍ അടുത്തെത്തിയപ്പോഴേക്കും ഷാഫി മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് വിവരം. മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍, കുഴിമണ്ണ, കണ്ണമംഗലം പഞ്ചായത്തുകളില്‍ നിന്നായി മീന്‍ പിടിക്കാനായി അഞ്ചംഗ സംഘത്തിനൊപ്പമാണ് ഷാഫി എത്തിയത്. വേലിയിറക്കം ഉള്ളപ്പോഴാണ് ഇവര്‍ മീന്‍ പിടിക്കാനിറങ്ങിയത്.
ഇന്നലെ രാവിലെ മുതല്‍ തന്നെ വടകര തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും വൈകുന്നേരം നാവികസേനയുടെ ഹെലികോപ്റ്ററും തിരച്ചില്‍ ശക്തമാക്കിയിരുന്നു. എന്നാല്‍ രാത്രിയായതോടെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് അതിരാവിലെ തന്നെ കോസ്റ്റല്‍ അധികൃതര്‍ കോട്ടക്കല്‍ ഭാഗത്ത് തിരച്ചില്‍ ആരംഭിച്ചിരുന്നു. അതിനിടെയാണ് കൊളാവിപ്പാലം ഭാഗത്ത് നിന്നും കണ്ടെത്തിയതായി വിവരം ലഭിക്കുന്നത്. മൃതദേഹം വടകര ഗവ: ആശുപത്രിയിലേയ്ക്ക് മാറ്റും.
Also Read...
മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ അടിയൊഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി