ബോട്ട് കരയില്‍ സുരക്ഷിതമാക്കി, ഇനിയുള്ള മൂന്നാല് മാസം വേറെ പണി നോക്കണം” ; ട്രോളിങ് നിരോധന കാലത്തെ സ്വീകരിക്കാന്‍ തയ്യാറെടുത്ത് കൊയിലാണ്ടി


കൊയിലാണ്ടി: അവസാന ദിവസങ്ങളിലെ പരക്കം പാച്ചിലിന് പലരും ബോട്ടുകള്‍ സുരക്ഷിതമായി പുതിയാപ്പ ഹാര്‍ബറിലെ കരയിലെത്തിച്ചു കഴിഞ്ഞു, വലയും വിലപിടിപ്പുള്ള യന്ത്രങ്ങളും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി ട്രോളിങ് നിരോധന കാലത്തെ നേരിടാനുള്ള ഒരുക്കം കൊയിലാണ്ടി ഹാര്‍ബറില്‍ അതിന്റെ അവസാന ഘട്ടത്തിലാണ്. ഇന്ന് കൂടിയല്ലേയെന്ന് കരുതി പണിക്ക് പോയ ചുരുക്കം ചില ബോട്ടുകളൊഴികെ നിരോധനം ബാധകമായ മറ്റ് ബോട്ടുകളൊന്നും കടലില്‍ ഇറങ്ങിയിട്ടില്ല.

52 ദിവസമാണ് സര്‍ക്കാര്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയതെങ്കിലും കൊയിലാണ്ടിയിലെ മിക്ക ബോട്ടുകാരെയും സംബന്ധിച്ച് നാലുമാസത്തോളം കഴിഞ്ഞേ ഇനി പണിക്കിറങ്ങാനാവൂവെന്നാണ് മത്സ്യത്തൊഴിലാഴിലാളിയായ അശോകന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. അധികദൂരം ആഴക്കടലില്‍ പോയി മത്സ്യ ബന്ധനം നടത്താവുന്ന തരത്തിലുള്ള ബോട്ടുകളോ അതിന് പറ്റിയ വലകളോ കൊയിലാണ്ടിയിലാരും ഉപയോഗിക്കുന്നില്ല. മത്സ്യലഭ്യതക്കുറവും കാലാവസ്ഥാ പ്രശ്‌നവുമൊക്കെ കാരണം ചെറു ബോട്ടുകള്‍ മിക്കതും മൂന്നുനാല് മാസത്തിനുശേഷമേ കടലില്‍ ഇറക്കാറുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

നിരോധനം ബാധകമായ 30 ബോട്ടുകളാണ് കൊയിലാണ്ടിയിലുള്ളത്. ബോട്ടിലെ തൊഴിലാളികളും അനുബന്ധ തൊഴിലാളികളുമൊക്കെയായി നൂറുകണക്കിന് ആളുകളുടെ ജീവിതത്തെ ഇത് ബാധിക്കും. ചെറുവള്ളങ്ങളില്‍ മീന്‍പിടിക്കുന്നവരും അതുമായി അനുബന്ധ ജോലികളില്‍ ഏര്‍പ്പെട്ടവരുമൊക്കെ ഈ തൊഴിലില്‍ തുടരും. മറ്റുള്ളവര്‍ മറ്റെന്തെങ്കിലും ജോലികളിലേക്ക് നീങ്ങും. ചിലരാകട്ടെ, മറ്റൊന്നും ചെയ്യാനാവാതെ പ്രയാസപ്പെട്ട് ജീവിക്കുകയും ചെയ്യും. ഇതാണ് കൊയിലാണ്ടിയെ സംബന്ധിച്ചുള്ള യാഥാര്‍ത്ഥ്യമെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

തൊഴിലാളികളെ സംബന്ധിച്ച് നിരോധനകാലം പ്രതിസന്ധി നിറഞ്ഞതാണെങ്കിലും കടലിലെ മത്സ്യ സമ്പത്ത് നിലനിര്‍ത്താന്‍ ഇത് അനിവാര്യമാണെന്ന് അവരും ഉറപ്പിച്ചു പറയുന്നു. മഴ പെയ്യുകയും പുഴയില്‍ നിന്നുള്ള വെള്ളം കടലിലേക്ക് വലിയ തോതില്‍ ഒഴുകിയെത്തുകയുമൊക്കെ ചെയ്യുന്ന ഈ സമയത്താണ് മത്സ്യങ്ങള്‍ മുട്ടയിടുന്നത്. ഈ സമയത്ത് ബോട്ടുകള്‍ ഇറക്കിയാല്‍ മത്സ്യങ്ങളുടെ മുട്ടകള്‍ നശിച്ചുപോകും. ട്രോളിങ് കഴിഞ്ഞ് വലിയ ബോട്ടുകള്‍ ഇറങ്ങുന്ന സമയത്ത് തന്നെ പലപ്പോഴും പിടിച്ചുവരുന്ന മത്സ്യങ്ങളുടെ കൂട്ടത്തില്‍ ഉപയോഗിക്കാനാവാത്ത ചെറുമീനുകളുമുണ്ടാകും. അത് പലപ്പോഴും വളങ്ങള്‍ക്കായി പോകുകയാണ് ചെയ്യുക. ഇത് സങ്കകരമായ അവസ്ഥയാണെന്നും അശോകന്‍ പറഞ്ഞു.

ചെറുമത്സ്യങ്ങള്‍ വില്‍ക്കാന്‍ പോലും തയ്യാറാകാതെ ഇരുന്നാലേ ഇത്തരം മത്സ്യങ്ങളെ പിടിച്ചുകൊണ്ടുവരുന്നത് തടയാനാവൂവെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കൊയിലാണ്ടിയിടലക്കം മുന്‍കാലങ്ങളില്‍ ചെറു മത്സ്യങ്ങളുമായെത്തുന്ന വള്ളക്കാരെ ചോദ്യം ചെയ്യുകയും പിടിച്ച മത്സ്യങ്ങളെ കടലിലേക്ക് കൊണ്ടിടാന്‍ നിര്‍ദേശിക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇത്തരം മത്സ്യങ്ങള്‍ വില്‍പ്പനയ്ക്കായി വാങ്ങാന്‍ തയ്യാറാവുന്നത് കൊണ്ടാണ് ബോട്ടുകാര്‍ പിടിക്കുന്നത്. ഇവിടെ സംഭവിക്കുന്നത് പ്രാദേശികമായി ഇത്തരം മത്സ്യങ്ങളുമായി വരുന്നത് എതിര്‍ക്കുകയും പുറത്തുനിന്നുമെത്തിച്ച ചെറുമത്സ്യങ്ങള്‍ വിപണിയില്‍ വില്‍ക്കുകയും ചെയ്യുന്നുവെന്നതാണ്. ഇത് പൂര്‍ണമായി തടഞ്ഞാലേ ചെറുമത്സ്യങ്ങളെ പിടിക്കുന്നത് ഒഴിവാക്കാനാവൂവെന്നും തൊഴിലാളികള്‍ വ്യക്തമാക്കി.