2024ല്‍ കേരളത്തില്‍ ജനിച്ചത് വെറും 3.48ലക്ഷം കുഞ്ഞുങ്ങള്‍; ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേതുപോലെ കേരളത്തിലും ജനനനിരക്ക് പകുതിയായി കുറഞ്ഞെന്ന് സംസ്ഥാന ബഡ്ജറ്റ്, പ്രവാസം നിയന്ത്രിക്കണമെന്നും ധനമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് ജനനനിരക്ക് കുത്തനെ കുറയുന്നുവെന്ന് സംസ്ഥാന ബഡ്ജറ്റ്. 2024ല്‍ കേരളത്തില്‍ ജനിച്ചത് വെറും 3.48ലക്ഷം കുഞ്ഞുങ്ങളാണ്. ഇരുപത് വര്‍ഷം മുമ്പ് ഒരു വര്‍ഷം ആറുലക്ഷത്തിന് മുകളില്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്നിടത്താണിത്.

പത്തുവര്‍ഷം മുമ്പ് 2014ല്‍ 5.34 ലക്ഷം കുഞ്ഞുങ്ങളാണ് സംസ്ഥാനത്ത് ജനിച്ചതെന്നും ബഡ്ജറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. യുവാക്കള്‍ കൂടുതലായി സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നത് കേരളത്തില്‍ ജനസംഖ്യാ പ്രതിസന്ധിയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ എല്ലാതരത്തിലുള്ള പ്രവാസരീതികളും ഇനി പ്രോത്സാഹിപ്പിക്കരുതെന്നും ധമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രസവ നിരക്ക് കുറയുന്നുവെന്ന ആശങ്ക ഉയരുന്നതിനിടെയാണ് സംസ്ഥാനത്തും സമാനമായ സാഹചര്യമുണ്ടായിരിക്കുന്നത്. വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണം കൂടുന്നത് ഇതിനൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പുതുതലമുറ കുട്ടികള്‍ വേണ്ടെന്ന നിലപാടെടുക്കുന്നതും ജനനനിരക്ക് കുറയാന്‍ കാരണമാകുന്നുണ്ട്. കേരളത്തില്‍ സാമ്പത്തിക ഭദ്രത ഉള്ള സ്ത്രീകളില്‍ വിവാഹത്തോട് വിമുഖത കാട്ടുന്നവരുടെ എണ്ണം കൂടുന്നുവെന്ന കണക്കുകളും അടുത്തിടെ പുറത്തുവന്നിരുന്നു.

18നും 45നും ഇടയിലുള്ളവര്‍ വ്യാപകമായി ജോലിക്കായി വിദേശത്തേക്ക് കുടിയേറുന്നു. അവിടങ്ങളില്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ കൂടുതലായതിനാല്‍ പലരും പ്രസവത്തിനായി നാട്ടിലെത്താറില്ല. കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ പലരും ഇവിടെ പ്രസവിക്കുന്നതും സംസ്ഥാനത്തിന്റെ കണക്കിലാണ്. ഇത് 10 ശതമാനത്തോളമാണ്.