ബോട്ടില്‍ പാചകത്തിനിടെ കുക്കര്‍ പൊട്ടിത്തെറിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് പൊള്ളലേറ്റതായി വിവരം ലഭിച്ചത് ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റിന്; രക്ഷപ്പെടുത്തിയത് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ബോട്ടില്‍, രണ്ടുപേരുടെ നില ഗുരുതരം


കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറിന് സമീപം കടലില്‍ പൊള്ളലേറ്റ് പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ കരയ്‌ക്കെത്തിച്ചത് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ബോട്ടില്‍. ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുനീര്‍ സുനീറിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഫിഷറീസിന്റെ വാടക ബോട്ട് പുറപ്പെട്ടത്.

ഇന്നലെ രാവിലെ കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട മറിയ സാനിയോ എന്ന തമിഴ്‌നാട് ബോട്ടിലാണ് അപകടം നടന്നത്. ബോട്ടില്‍ പാചകം ചെയ്യുന്നതിനിടയില്‍ ബോട്ടിലെ കുക്കര്‍പൊട്ടി തെറിക്കുകയും തീപടരുകയുമായിരുന്നു.

പൊള്ളലേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയതിനുശേഷം പിഷറീസ് ബോട്ടില്‍ കയറ്റി കൊയിലാണ്ടി ഹാര്‍ബറിലെത്തിക്കുകയായിരുന്നു. ജോസ് (30), ഷാബു (47), കുമാര്‍ (47) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. തുടര്‍ന്ന് ഇവരെ മൂന്ന് ആംബുലന്‍സുകളിലായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് പറ്റിയതിനാല്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഫിഷറീസ് അസി. ഡയറക്ടര്‍ സുനീര്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഗാര്‍ഡ് ഷണ്‍മുഖന്‍, എന്നിവരുടെ നേതൃത്വത്തില്‍ സി.പി.ഒ ബിബിന്‍, റസ്‌ക്യൂ ഗാര്‍ഡുമാരായ ഹമിലേഷ്, മിഥുന്‍ എന്നിവരും സി.പി.ഒ ഷാജി, എസ്.സി.പി.ഒ മനു തോമസും എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.