പൊലീസിനെ പറ്റിക്കാന്‍ മീശയെടുത്തു, ഇടയ്ക്കിടെ വസ്ത്രം മാറി; എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തി ഒളിവില്‍ കഴിഞ്ഞ പ്രതിയെ ചെന്നൈയില്‍ പിടിയില്‍
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീലയെ ശ്വാസംമുട്ടിച്ചു കൊന്ന കേസില്‍ പ്രതി പിടിയില്‍. തിരുവില്ല്യാമല സ്വദേശി അബ്ദുല്‍ സനൂഫ് (28) ആണ് പിടിയിലായത്. ചെന്നൈ ആവടിയിലെ ഒരു ലോഡ്ജ് മുറിയില്‍ നിന്നാണ് പ്രതിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
പൊലീസിന് തിരിച്ചറിയാതിരിക്കാന്‍ കബിളിപ്പിക്കാന്‍ മീശയെടുത്തു കളഞ്ഞിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളില്‍ കുടുങ്ങി പിടിയിലാവാതിരിക്കാന്‍ ഷര്‍ട്ടുകള്‍ ഇടയ്ക്കിടെ മാറ്റിയാണ് യാത്ര ചെയ്തിരുന്നത്. പാലക്കാട്ടുനിന്ന് ചൊവ്വാഴ്ച രാത്രി തീവണ്ടി മാര്‍ഗം ബംഗളൂരുവില്‍ എത്തിയ സനൂഫ് പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി അവിടെ നിന്ന് ചെന്നൈയിലേക്ക് മാറുകയായിരുന്നു. വ്യാഴാഴ്ചയാണ് ആവടിയിലെ ലോഡ്ജിലെത്തി മുറിയെടുത്തത്.
നേരത്തെ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. കര്‍ണാടകയില്‍ നിന്നെടുത്ത സിംകാര്‍ഡാണ് ഉപയോഗിച്ചത്. അതില്‍നിന്ന് പ്രതി ഒരാളെ വിളിച്ചതോടെയാണ് നീക്കങ്ങള്‍ മനസ്സിലായത്. സൈബര്‍സെല്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥനത്തില്‍ വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെ പോലീസ് സംഘം ലോഡ്ജിലെത്തി പിടികൂടുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി സനൂഫ് പാലക്കാട്ടു നിന്ന് ട്രെയിനില്‍ ബാംഗ്ലൂരിലേക്ക് പോവുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ദൃശ്യം കിട്ടിയതു മുതല്‍ പോലീസ് സനൂഫിനു പിന്നാലെയുണ്ട്. ഒളിവില്‍ പോകാനും സിംകാര്‍ഡ് എടുക്കാനുമെല്ലാം ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കുറ്റാന്വേഷണ വിദഗ്ദ്ധരായ പൊലീസുകാരെ ഉള്‍പ്പെടുത്തി മൂന്നു സംഘങ്ങളായാണ് കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. സൈബര്‍ വിദഗ്ദ്ധരും സനൂഫിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു. സിറ്റി പോലീസ് അസി. കമ്മീഷണര്‍ ടി.കെ.അഷ്റഫിന്റെ കീഴില്‍ നടക്കാവ് ഇന്‍സ്പെക്ടര്‍ എന്‍.പ്രജീഷാണ് അന്വേഷണം ഏകോപിപ്പിച്ചത്.
ഫസീലയും പ്രതി സനൂഫും ഒരുമിച്ചാണ് എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മുറിയെടുത്തത്. ചൊവ്വാഴ്ച രാവിലെയാണ് ഫസീലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Summary: The accused who killed the young woman in the lodge at Eranjipalam was finally arrested in Chennai