തുറയൂരിൽ വീട്ടുമുറ്റത്തെ നാല്പതടി താഴ്ചയുള്ള കിണറ്റിൽ വീണ് 62-കാരൻ; സുരക്ഷിതമായി പുറത്തെത്തിച്ച് പേരാമ്പ്ര അഗ്നിരക്ഷാ സേന
തുറയൂർ: കിണറ്റിൽ വീണ അറുപത്തിരണ്ടുകാരനെ സുരക്ഷിതമായി പുറത്തെത്തിച്ച് പേരാമ്പ്ര അഗ്നിരക്ഷാ സേന. തുറയൂർ പാക്കനാർപുരത്തെ മീത്തലെ പുത്തലത്ത് ജയരാജനാണ് അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ രക്ഷയായത്. ഇന്ന് വെെകീട്ട് നാല് മണിയോടെയായിരുന്നു സംഭവം.
സ്വന്തം വീട്ടുമുറ്റത്തെ ഏകദേശം നാല്പതടി താഴ്ചയും രണ്ടടിയോളം മാത്രം വെള്ളമുള്ളതുമായ കിണറ്റിലാണ് ജയരാജ് വീണത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം ഉടനെ അഗ്നിരക്ഷാ നിലയത്തിൽ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സേനാംഗങ്ങളെത്തി, ഫര്‍ ആന്റ് റെസ്ക്യൂ ഓഫീസ്സര്‍ എം മനോജ് കിണറ്റിലിറങ്ങി റെസ്ക്യൂ നെറ്റില്‍ ജയരാജനെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.
സ്റ്റേഷന്‍ ഓഫീസ്സര്‍ സി പി ഗിരീശന്‍റെയും, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ പി സി പ്രേമന്‍റെയും നേതൃത്വത്തിലുള്ള സേനാംഗങ്ങളെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസ്സര്‍മാരായ കെ എന്‍ രതീഷ്, പി ആര്‍ സത്യനാഥ്, ടി ബബീഷ്, കെ രഗിനേഷ്, സി കെ സ്മിതേഷ്, കെ അജേഷ് എന്നിവരും രക്ഷാദൗത്യത്തില്‍ പങ്കാളികളായി.