തലശേരിയിലെ അണ്ടല്ലൂര്‍ക്കാവ് ഉത്സവത്തിന് അരങ്ങേറ്റം; കുഞ്ഞു തെയ്യമായി നിറഞ്ഞാടി സിപിഐ നേതാവ് ശ്രീജിത്തിന്റെ മകന്‍ ആര്‍ദ്രവ് (വീഡിയോ കാണാം)


കുറ്റ്യാടി: മുഖത്തെഴുതി, മെയ് ചമയങ്ങള്‍ ചാര്‍ത്തി ചെണ്ടയുടെ അകമ്പടിയോടെ കുട്ടിത്തെയ്യമായി ആര്‍ദ്രവ് നിറഞ്ഞാടിയപ്പോള്‍ കാഴ്ചക്കാര്‍ക്ക് വിസ്മയമായിരുന്നു. തലശേരിയിലെ പ്രശസ്തമായ അണ്ടല്ലൂര്‍ക്കാവ് ഉത്സവത്തിന് ആറു വയസുകാരന്‍ ആര്‍ദ്രവ് നിറഞ്ഞാടുകയായിരുന്നു. കുഞ്ഞ് ആര്‍ദ്രവിന്റെ അരങ്ങേറ്റമായിരുന്നു അത്. തെയ്യത്തെക്കുറിച്ചുള്ള ബാലപാഠങ്ങള്‍ പറഞ്ഞുകൊടുത്തതും ആര്‍ദ്രവിനെ അരങ്ങിലെത്തിച്ചതും അച്ഛന്‍ ശ്രീജിത്താണ്.

കായക്കൊടി പഞ്ചായത്തിലെ കരണ്ടോട് ഗവ. എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആര്‍ദ്രവ് നാരായണന്‍. രാമായണത്തിലെ പ്രശസ്തമായ സീതയും മക്കളും എന്ന തെയ്യത്തില്‍ മക്കളില്‍ ഒരാളായ ലവന്റെ വേഷമാണ് ആര്‍ദ്രവ് കെട്ടിയാടിയത്. ആണ്ടല്ലൂര്‍ മനോജ് മുന്നൂറ്റാനും അച്ഛന്‍ പി.പി.ശ്രീജിത്തുമാണ് ഇരുപത്തി ഒന്ന് ഗുരിക്കളുടെ ‘തലപ്പാലി’ ആര്‍ദ്രവിനെ അണിയിച്ചത്. മകന്റെ പ്രകടനം ആള്‍ക്കൂട്ടത്തിലിരുന്ന് നിറഞ്ഞ മനസോടെ ശ്രീജിത്തും ആസ്വദിച്ചു.

വര്‍ഷങ്ങളായി കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലുള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളില്‍ തെയ്യം കെട്ടുന്നുണ്ട് ശ്രീജിത്ത്. പൈതൃകമായി ലഭിച്ച കഴിവിനെ മകനിലേക്ക് പകര്‍ന്ന് നല്‍കാന്‍ കഴിഞ്ഞതില്‍ വലിയ ആഹ്ലാദവും അഭിമാനവുമുണ്ടെന്ന് ശ്രീജിത്ത് പറയുന്നു. ചെറുപ്രായത്തില്‍ തന്നെ അരങ്ങേറ്റം നടത്തിയ ആര്‍ദ്രവിനെക്കുറിച്ച് അമ്മ നിമിഷയും അഭിമാനം കൊള്ളുന്നു.

എഐവൈഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റും സിപിഐ കുറ്റ്യാടി മണ്ഡലം കമ്മിറ്റി അംഗവുമാണ് ശ്രീജിത്ത്. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കലാകാരനെന്ന നിലയില്‍ തെയ്യത്തെ ഹൃദയത്തിലേറ്റി മുന്നോട്ട് പോകുമ്പോഴും സംഘടനാ പ്രവര്‍ത്തനങ്ങളിലും സാമൂഹ്യസാംസ്‌കാരിക രംഗങ്ങളിലും സജീവമാണ് ഇദ്ദേഹം.

വീഡിയോ കാണാം: