പരിശോധനയിൽ എം.ഡി.എം.എ അല്ലെന്ന്‌ റിപ്പോർട്ട്; താമരശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ യുവാവിനും യുവതിക്കും ജാമ്യം


Advertisement

വടകര: പരിശോധനയിൽ എം.ഡി.എം.എ അല്ലെന്ന്‌ റിപ്പോർട്ട് വന്നതിനെ തുടര്‍ന്ന് യുവാവിനും യുവതിക്കും ജാമ്യം. തച്ചംപൊയിൽ ഇരട്ടക്കുളങ്ങര പുഷ്പ എന്ന റെജീന (42), തെക്കെപുരയിൽ സനീഷ് കുമാർ (38) എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. താമരശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Advertisement

എംഡിഎംഎയുമായി പിടികൂടിയെന്ന കേസിൽ കഴിഞ്ഞ എട്ടുമാസമായി റിമാൻഡിൽക്കഴിയുകയായിരുന്നു യുവതിയും യുവാവും. പിടികൂടിയത്‌ എംഡിഎംഎ അല്ലെന്ന് രാസപരിശോധനാഫലം പുറത്ത് വന്നതോടെയാണ്‌ വടകര എൻഡിപിഎസ് കോടതി ജാമ്യം നല്‍കിയത്‌.

Advertisement

2024 ഓഗസ്റ്റ് 23ന് പുതുപ്പാടി ആനോറേമ്മലുള്ള വാടകവീട്ടിൽനിന്ന്‌ 58.53 ഗ്രാം എംഡിഎംഎയുമായി പുഷ്പയെ പോലീസ് പിടികൂടിയെന്നാണ് കേസ്. തുടർന്ന് പുഷ്പയുടെ സുഹൃത്ത് സനീഷ് കുമാറിനെയും കേസിൽ പ്രതിചേർത്ത് അറസ്റ്റുചെയ്തു. രണ്ടാഴ്ചയ്ക്കുള്ളിൽ രാസപരിശോധനാഫലം വരുത്തണമെന്നാണ് വ്യവസ്ഥയെങ്കിലും എട്ടുമാസത്തിനുശേഷമാണ് ഫലംവന്നത്.

Advertisement

പിടികൂടിയത് മയക്കുമരുന്ന് അല്ലെന്നാണ് റിപ്പോർട്ട്. അറസ്റ്റിലായ അന്നുമുതൽ റിമാൻഡിൽ കഴിയുകയാണ് ഇരുവരും. റിപ്പോർട്ട് പരിഗണിച്ച എൻഡിപിഎസ് കോടതി ജഡ്ജി വി.ജി ബിജു ഇരുവർക്കും സ്വന്തം ജാമ്യം നൽകി. ഈ കേസിൽ പോലീസിനെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഇവരുടെ അഭിഭാഷകൻ പി.പി സുനിൽകുമാർ പറഞ്ഞു.

Description: Test results show no MDMA; Young man and young woman granted bail