വോട്ടെടുപ്പിനായി വെയിലത്ത് ക്യൂ നില്‍ക്കുമ്പോള്‍ ശ്രദ്ധിക്കണേ; രണ്ടു മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടും, കോഴിക്കോട് ഉള്‍പ്പെടെയുള്ള 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്


തിരുവനന്തപുരം: സംസ്ഥാനത്ത് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ഉള്‍പ്പെടെയുള്ള 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി. പാലക്കാട് ഉയര്‍ന്ന താപനില 41°C വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കാസറഗോഡ് ജില്ലകളില്‍ 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.

പാലക്കാട് ജില്ലയില്‍ ശനിയാഴ്ച വരെ ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് തുടരും. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമെന്നും പൊതുജനങ്ങളും ഭരണ ഭരണേതര സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

സാധാരണയേക്കാള്‍ രണ്ടു മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് വേനല്‍ മഴ തുടരാനും സാധ്യത. തിരുവനന്തപുരം മുതല്‍ വയനാട് വരെ 11 ജില്ലകളില്‍ വേനല്‍ മഴ ലഭിച്ചേക്കും.മലയോര മേഖലകളില്‍ ഉച്ചയ്ക്കുശേഷം ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.