വീടുവിട്ടിറങ്ങി ഇരിട്ടിയിലെത്തി സ്‌കൂട്ടര്‍ മോഷ്ടിച്ചു; പേരാമ്പ്രക്കാരനായ പതിനഞ്ചുകാരന്‍ മാന്തവാടിയില്‍ പിടിയില്‍
പേരാമ്പ്ര: ഇരിട്ടി ടൗണിനടുത്ത് പയഞ്ചേരിയില്‍നിന്ന് മോഷണം പോയ സ്‌കൂട്ടിയുമായി കടന്ന പേരാമ്പ്ര സ്വദേശിയായ പതിനഞ്ചുകാരന്‍ മാനന്തവാടിയില്‍ പിടിയിലായി. പയഞ്ചേരിമുക്കില്‍ വെല്‍നസ് ഹെല്‍ത്ത് കെയറിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടിയാണ് മോഷണം പോയത്. സ്‌കൂട്ടി കൊണ്ടുപോകുന്ന ദൃശ്യം നിരീക്ഷണക്യാമറയില്‍ പതിഞ്ഞിരുന്നു. വാഹന ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരിട്ടി പ്രിന്‍സിപ്പല്‍ എസ്.ഐ. ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മാനന്തവാടിയില്‍നിന്ന് വാഹനവുമായി കുട്ടി പിടിയിലായത്.
മോഷണത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: വീടുവിട്ടിറങ്ങിയ പതിനഞ്ചുകാരന്‍ സ്വകാര്യ ബസില്‍ ഇരിട്ടിയിലെത്തി. റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടിയില്‍ കുറേനേരം ഇരുന്നു. അത്യാവശ്യം മെക്കാനിക്കല്‍ ജോലി അറിയാവുന്ന കുട്ടി സ്‌കൂട്ടി സ്റ്റാര്‍ട്ടാക്കി വണ്ടിയുമായി കടന്നു. മലയോരത്തെ പല ഗ്രാമീണ റോഡുകളിലൂടെയും കറങ്ങി പാല്‍ച്ചുരം വഴി മാന്തവാടിയിലെത്തി. ഒന്നു രണ്ടു ദിവസത്തെ ചെവലിനുള്ള പണം കയ്യിലുണ്ടായിരുന്നു.
ഇരുട്ടി പോലീസ് മാനന്തവാടി പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കുട്ടി പിടിയിലായത്. പായഞ്ചേരി സ്വദേശി കെ. മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂട്ടി. സഹോദരന്‍ റാഷിദ് വെല്‍നസ് ഹെല്‍ത്ത് കെയറില്‍ ജോലിക്ക് വരുമ്പോള്‍ കൊണ്ടുവന്നതായിരുന്നു. പതിനഞ്ചുകാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.