സാങ്കേതിക തകരാര്‍: കോഴിക്കോട് 162 പേരുമായി പുറപ്പെട്ട വിമാനം തിരിച്ചിറക്കി


കരിപ്പൂര്‍: സങ്കേതിക തകരാറിനെ തുടര്‍ന്ന് കോഴിക്കോട് നിന്നും മസ്‌കത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. 162 യാത്രക്കാരുമായി മസ്‌കത്തിലേക്ക് പുറപ്പെട്ട ഒമാന്‍ എയര്‍വെയ്‌സ് ആണ് തിരിച്ചിറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

ഒന്നരമണിക്കൂറിലേറെ വിമാനത്താവളത്തിന് മുകളില്‍ പറത്തി ഇന്ധനം കത്തിച്ച് തീര്‍ത്തതിനുശേഷമാണ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയത്. 9.14 ഓടെയാണ് മസ്‌കത്തിലേക്ക് വിമാനം പുറപ്പെട്ടത്. കാലാവസ്ഥാ മുന്നറിയിപ്പ് തിരിച്ചറിയാന്‍ പ്രയാസം നേരിട്ടതിനെ തുടര്‍ന്നായിരുന്നു വിമാനം തിരിച്ചിറക്കാന്‍ തീരുമാനിച്ചത്.

വെതര്‍ റഡാറിന് തകരാര്‍ സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. റഡാര്‍ തകരാര്‍ പരിഹരിച്ച് യാത്ര തുടരാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇല്ലെങ്കില്‍ മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ കയറ്റിവിടും.