താമരശ്ശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടർന്ന് വന്‍ ഗതാഗത തടസം


താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ചുരത്തിലെ ആറാം വളവിലാണ് ലോറി മറിഞ്ഞത്. ഇതേ തുടര്‍ന്ന് ചുരത്തില്‍ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

കാലിയായ ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. കെമിക്കല്‍ നിറയ്ക്കാനായി പോകുന്നതിനിടെ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.

തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറാണ് ലോറി ഓടിച്ചിരുന്നത്. അപകടത്തില്‍ ഇയാള്‍ക്ക് പരിക്കൊന്നുമില്ല.

ഗതാഗതക്കുരുക്ക് ഉണ്ടായതിനെ തുടര്‍ന്ന് പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും വണ്‍വേ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തി വിടുന്നത് തുടരുകയാണ്. രണ്ടര മണിക്കൂറോളമായി ഗതാഗതക്കുരുക്ക് തുടരുകയാണ്.

മറിഞ്ഞ ലോറി ഉയര്‍ത്താനുള്ള ശ്രമവും പുരോഗമിക്കുന്നുണ്ട്. ഗതാഗതം ഉടന്‍ തന്നെ സാധാരണ നിലയിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.