വിശ്രമകേന്ദ്രവും സദാ അടച്ചുപൂട്ടി വിശ്രമത്തിലാണ്! 20 ലക്ഷം മുടക്കി നിര്‍മ്മിച്ച കൊയിലാണ്ടിയിലെ വഴിയോര വിശ്രമ കേന്ദ്രം ആവശ്യക്കാര്‍ക്ക് തുറന്നുകൊടുക്കില്ലെന്ന് ആക്ഷേപം


കൊയിലാണ്ടി: പോസ്റ്റ് ഓഫീസിന് സമീപം നഗരസഭ നിര്‍മ്മിച്ച വഴിയോര വിശ്രമ കേന്ദ്രം മിക്കപ്പോഴും പൂട്ടിയിട്ട നിലയിലെന്ന് ആക്ഷേപം. യാത്രക്കാര്‍ക്ക് വിശ്രമിക്കാനോ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനോ ഇത് തുറന്നുകൊടുക്കില്ലെന്നാണ് ആക്ഷേപം.

2022 ഫെബ്രുവരി 17നാണ് നഗരസഭയുടെ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിച്ചത്. നഗരസഞ്ചയ നിധിയില്‍ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിര്‍മ്മാണം. വിശ്രമ കേന്ദ്രത്തിന്റെ തടത്തിപ്പ് ലേലം വിളിച്ച് നല്‍കുകയും നടത്തിപ്പ് ചെലവുകള്‍ക്കായി അവിടെ ചായക്കട നടത്താന്‍ അനുവദിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ചുറ്റുപാടുമുള്ള സ്ഥലങ്ങള്‍ കൂടി ഉപയോഗപ്പെടുത്തി ചായക്കട മെച്ചപ്പെടുത്തിയെന്നല്ലാതെ നടത്തിപ്പു കാര്യങ്ങള്‍ നേരാംവണ്ണം നിര്‍വഹിക്കുന്നില്ലെന്നാണ് പരിസരവാസികള്‍ പറയുന്നത്.

വിശ്രമകേന്ദ്രം കൃത്യമായി തുറന്നുകൊടുക്കാത്തത് സംബന്ധിച്ച് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നുമാണ് ഇതുസംബന്ധിച്ച് ചോദിച്ചപ്പോള്‍ മുനിസിപ്പാലിറ്റി സെക്രട്ടറി സുരേഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്നും നടത്തിപ്പുകാരന്‍ എന്തെങ്കിലും തരത്തിലുള്ള കയ്യേറ്റങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യവും പരിശോധിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.