”നീന്തലറിയാമെങ്കില്‍ പോന്നൂളൂ” പ്ലസ് വണ്‍ പ്രവേശനത്തിന് നീന്തല്‍ സർട്ടിഫിക്കറ്റിനായി പയ്യോളിയിലെ ക്യാമ്പ് ജൂലൈ മൂന്നിന്



പയ്യോളി: പ്ലസ് വണ്‍ പ്രവശനത്തിന് ബോണസ് പോയന്റ് ലഭിക്കുന്നതിനുള്ള നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനായുള്ള പയ്യോളിയിലെ ക്യാമ്പ് ജൂലൈ മൂന്നിന്. കീഴൂര്‍ കാട്ടുങ്കുളത്താണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

എസ്.എസ്.എല്‍.സി പാസായ നീന്തല്‍ അറിയാവുന്ന വിദ്യാര്‍ഥികള്‍ അന്നേദിവസം രാവിലെ എട്ടുമണിക്ക് കാട്ടുങ്കുളത്ത് എത്തണമെന്നാണ് നിര്‍ദേശം. നീന്തല്‍ വസ്ത്രം, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ കരുതാനും നിര്‍ദേശിച്ചിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷയ്‌ക്കൊപ്പം 60 രൂപ ഫീസായി നല്‍കണം. നീന്തല്‍ പ്രാവീണ്യം പരിശോധിച്ചാലുടന്‍ ക്യാമ്പില്‍ വെച്ചുതന്നെ സര്‍ട്ടഫിക്കറ്റ് നല്‍കും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചുമതലപ്പെടുത്തിയ പരിശീലകള്‍ എല്ലാ ക്യാമ്പുകളിലും പങ്കെടുക്കും.

നേരത്തെ ജില്ലയിലെ എല്ലാ വിദ്യാര്‍ഥികളും നടക്കാവിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നീന്തല്‍ക്കുളത്തിലെത്തി പ്രാവീണ്യം തെൡയിക്കണമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നു. ഇത് രക്ഷിതാക്കള്‍ക്കിടയില്‍ ആശങ്കകള്‍ക്കു വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രാദേശിക തലത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മേല്‍നോട്ടത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ബോണസ് മാര്‍ക്കിന് കഴിഞ്ഞവര്‍ഷം മുതലാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കുന്ന നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. അതുവരെ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് അംഗങ്ങളും കൗണ്‍സിലര്‍മാരും മുഖേനയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. ബോണസ് മാര്‍ക്കിനുവേണ്ടി നീന്തല്‍ പ്രാവീണ്യമില്ലാത്തവരും വളഞ്ഞ വഴിയില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നേടുന്നതായി പരാതി ഉയര്‍ന്നതോടെയാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ ഇതിനായി ചുമതലപ്പെടുത്തിയത്.