വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്: കൊയിലാണ്ടി നഗരസഭ കൊല്ലം ചിറയില്‍ നടത്താനിരുന്ന നീന്തലറിവ് പരിശോധന മാറ്റിവച്ചു


കൊയിലാണ്ടി: കൊല്ലം ചിറയില്‍ നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്താനിരുന്ന നീന്തലറിവ് പരിശോധന മാറ്റിവച്ചു. ജൂലൈ നാലിന് നടത്താനിരുന്ന പരിശോധനയാണ് മാറ്റിയതെന്ന് കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി.സുധ അറിയിച്ചു.

പ്ലസ് വണ്‍ പ്രവേശനത്തിന് നീന്തല്‍ അറിയാവുന്ന കുട്ടികള്‍ക്ക് ബോണസ് പോയിന്റ് ലഭിക്കുമെന്ന് പ്രചരിച്ചതിനെ തുടര്‍ന്നാണ് പലയിടത്തും ഇത്തരത്തിലുള്ള നീന്തല്‍ പരിശോധനാ പരിപാടികള്‍ സംഘടിപ്പിച്ചത്. എന്നാല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ബോണസ് പോയിന്റിനായി വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഈ വര്‍ഷത്തെ ബോണസ് പോയിന്റുകള്‍ സംബന്ധിക്കുന്ന തീരുമാനമൊന്നും നിലവില്‍ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അവാസ്തവമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.