കൊയിലാണ്ടിയിൽ വയോധികന് ചെള്ളുപനിയുള്ളതായി സംശയം; പ്രതിരോധ നടപടികൾ ഊർജിതം
കൊയിലാണ്ടി: നഗരസഭയിലെ 12-ാം വാർഡിലുള്ള വയോധികന് ചെള്ളുപനി സ്ഥിരീകരിച്ചതായി സംശയം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 79 വയസ്സുള്ള ആൾക്ക് രോഗം സ്ഥിരീകരിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ച
ഔദ്യോഗികമായ റിപ്പോർട്ട് ആശുപത്രിയിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പന്തലായിനി മേഖലയുടെ ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടർ രാജീവൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
പനിയെ തുടർന്ന് കൊയിലാണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ വയോധികൻ ചികിത്സ തേടിയിരുന്നു. രോഗം ഭേദമാകാത്തതിനെ തുടർന്ന് കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് ചെള്ളുപനി സ്ഥിരീകരിച്ചതെന്നാണ് വിവരം.
പന്തലായനി ഭാഗത്തുള്ള ആൾക്കാണ് രോഗമുള്ളതായി സംശയിക്കുന്നത്. പ്രദേശത്ത് പ്രതിരോധ നടപടികൾ ആരംഭിച്ചതായി കൗൺസിലർ പ്രജിഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പുറത്തധികം ഇറങ്ങാത്ത ആളാണ് ഇദ്ദേഹം,രോഗം ബാധിച്ചതെങ്ങനെയെന്ന് വ്യക്തമല്ലെന്നും കൗൺസിലർ പറഞ്ഞു.
വീട്ടിലുള്ള മറ്റാർക്കും പനിയോ മറ്റ് ലക്ഷണങ്ങളോ ഇല്ല. ഇവർ നിരീക്ഷണത്തിലാണുള്ളത്. പ്രദേശത്ത് ക്ലോറിനേഷൻ ഉൾപ്പെടെ നടത്തുന്നുണ്ട്. കൂടാതെ ചെള്ളുപനിയെകുറിച്ച് ആളുകളെ ബോധവത്ക്കരിക്കുന്നതിനായി വാർഡിൽ ഇന്ന് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Summary: Suspecting scrub typhus in koyilandi 79 year old man in treatment Preventive measures intensified