” തിക്കോടി പാലൂര്‍ ഭാഗത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നേതൃത്വപരമായ പങ്ക് വഹിച്ച വ്യക്തി” അന്തരിച്ച സി.പി.എം തിക്കോടി ലോക്കല്‍ കമ്മിറ്റി അംഗം സുനിതയെ അനുസ്മരിച്ച് സുരേഷ് ചങ്ങാടത്ത്


തിക്കോടി: പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന അംഗം സി.പി എം തിക്കോടി ലോക്കല്‍ കമ്മിറ്റി അംഗവും മേലടി ബ്ലോക്ക് പഞ്ചായത്തിലെ മുന്‍മെമ്പറുമായ വി.എം.സുനിത നാട്ടിലെ പൊതുരംഗത്ത് നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, സി.പി.എം ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ കമ്മിറ്റി മെമ്പര്‍ എന്നീ പദവികള്‍ നിര്‍വ്വഹിച്ചിരുന്നു.

തിക്കോടി പാലൂര്‍ ഭാഗത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നേതൃത്വപരമായ പങ്ക് വഹിച്ചയാളായിരുന്നു അവര്‍. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളില്‍ നിരന്തരമായി ഇടപെട്ടിരുന്നയാള്‍, മാതൃകാപരമായ പൊതുപ്രവര്‍ത്തനത്തിലൂടെ എല്ലാവരുടേയും പ്രീതിപിടിച്ചുപറ്റിയ ജനപ്രിയയായ നേതാവായിരുന്നു.

കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ സ്‌നേഹബന്ധം പിടിച്ചുപറ്റാന്‍ സുനിതയ്ക്ക് കഴിഞ്ഞു. ബ്ലോക്ക് പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് കുറഞ്ഞകാലമേ ജനപ്രതിനിധിയായിരുന്നിട്ടുള്ളൂവെങ്കിലും ചുരുങ്ങിയകാലത്തിനുള്ളില്‍ മികച്ച ജനപ്രതിനിധിയായി സ്വയം അടയാളപ്പെടുത്തി അവര്‍.

തിക്കോടി കൈരളി ഗ്രന്ഥശാലയുടെ ഭരണസമിതി അംഗം എന്ന നിലയില്‍ ഗ്രന്ഥശാല പ്രവര്‍ത്തനരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ മേഖലാ ട്രഷറര്‍, കര്‍ഷക തൊഴിലാളി യൂണിയന്റെ മേഖലാ സെക്രട്ടറിയുമായി വര്‍ഗബഹുജന സംഘടനകളും പാര്‍ട്ടിയും കെട്ടിപ്പടുക്കുന്നതില്‍ കാര്യമായ സംഭാവന അര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുള്ള നേതാവാണ് സുനിത.

കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസത്തോളമായി ചികിത്സയിലിരിക്കെയാണ് കഴിഞ്ഞദിവസം സുനിത മരണത്തിന് കീഴടങ്ങിയത്.

സുനിതയുടെ നിര്യാണത്തില്‍ തിക്കോടിയില്‍ അനുശോചനയോഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, സി.പി.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി.ഷിബു, സി.പി.എം ജില്ലാ കമ്മിറ്റിയംഗം ദീപ.ഡി,  തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, ബിജു കളത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.