കലോത്സവത്തിന് ‘എരിവ്’ പകരാനായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ എന്‍.എസ്.എസ് യൂണിറ്റ്; ശ്രദ്ധേയമായി വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍മുറ്റത്തെ കച്ചവടം (വീഡിയോ കാണാം)


Advertisement


കൊയിലാണ്ടി: ഉപജില്ലാ കലോത്സവത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെത്തിയ എല്ലാവരും ‘എരിവുള്ള’ ആ കാഴ്ച കണ്ട് ആദ്യമൊന്ന് അമ്പരന്നു. സാധാരണയായി സ്‌കൂളുകള്‍ക്ക് പുറത്തെ കടകളില്‍ മാത്രം കിട്ടുന്ന നാരങ്ങയും കക്കിരിയും കറമൂസയുമെല്ലാം ദേ സ്‌കൂള്‍ മുറ്റത്ത് വില്‍ക്കുന്നു! കച്ചവടക്കാരെ കണ്ടപ്പോഴോ, അമ്പരപ്പ് ഇരട്ടിയായി.

ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളാണ് കലാമേളയില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും കൂടെ വന്ന അധ്യാപകര്‍ക്കും കലോത്സവം കാണാനെത്തിയവര്‍ക്കുമെല്ലാം നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ വില്‍ക്കുന്നത്. സ്‌കൂളിലെ എന്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം സമാഹരിക്കാനാണ് കുട്ടിക്കച്ചവടക്കാര്‍ ‘കട’ തുറന്നിരിക്കുന്നത്.

Advertisement

എന്‍.എസ്.എസ്സിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായി നിഷിത ടീച്ചറുടെ മനസിലാണ് ഈ ആശയം ഉരുത്തിരിഞ്ഞത്. സ്‌കൂളിലെ എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററാണ് നിഷിത ടീച്ചര്‍. ടീച്ചറുടെ ആശയം ഏറ്റെടുത്ത് കൊണ്ട് എന്‍.എസ്.എസ് അംഗങ്ങളായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് കച്ചവടത്തിന് ചുക്കാന്‍ പിടിക്കുന്നത്.

കലോത്സവത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ കച്ചവടം ആരംഭിച്ചിരുന്നു. നാരങ്ങ, കൈതച്ചക്ക, കറമൂസ, കക്കിരി തുടങ്ങിയവ കഷ്ണങ്ങളായി മുറിച്ച് ആവശ്യക്കാര്‍ക്ക് ഉപ്പും മുളക് പൊടിയും ചേര്‍ത്താണ് ഇവരുടെ കച്ചവടം. ഓരോ കഷ്ണത്തിനും അഞ്ച് രൂപ മാത്രമാണ് വില.

Advertisement

ഗുണനിലാവരം ഉറപ്പാക്കിയ സാധനങ്ങളാണ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ വില്‍ക്കുന്നത് എന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് നിഷിത ടീച്ചര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കഷ്ണങ്ങളാക്കി മുറിക്കുമ്പോഴും വില്‍ക്കുമ്പോഴുമെല്ലാം വൃത്തിയും എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ഉറപ്പുവരുത്തുന്നു. എന്‍.എസ്.എസ് കുട്ടികള്‍ വില്‍ക്കുന്ന നാരങ്ങയും കക്കിരിയുമെല്ലാം അടിപൊളിയാണെന്നാണ് വാങ്ങിക്കഴിച്ചവരും പറയുന്നത്.

Advertisement

ആദ്യദിവസത്തെ കച്ചവടം പൊടിപൊടിച്ചുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, കലോത്സവം കാണാനെത്തിയ കാഴ്ചക്കാര്‍ തുടങ്ങി സ്‌കൂള്‍ മുറ്റത്ത് കൂടെ കടന്ന് പോയ നിരവധി പേരാണ് ഇവരില്‍ നിന്ന് കക്കിരിയും നാരങ്ങയും കറമൂസയുമെല്ലാം വാങ്ങി കൊതി മാറ്റിയത്. ഉദ്ദേശിച്ചത്രയും തുകയുടെ കച്ചവടം നടന്ന ശേഷം ബാക്കി വന്ന സാധനങ്ങള്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ എല്ലാവര്‍ക്കും സൗജന്യമായി വിതരണം ചെയ്തതും ശ്രദ്ധേയമായി.

കലോത്സവത്തിന്റെ സ്‌റ്റേജ് മത്സരങ്ങള്‍ തുടങ്ങുന്ന ചൊവ്വാഴ്ച കൂടുതല്‍ ആളുകള്‍ സ്‌കൂളിലെത്തും. തിങ്കളാഴ്ച നടന്നതിനേക്കാള്‍ ഗംഭീരമായ കച്ചവടം പ്രതീക്ഷിക്കുന്നതിനാല്‍ അടുത്ത ദിവസം കൂടുതല്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി കച്ചവടം വിപുലമാക്കാനാണ് നിഷിത ടീച്ചറുടെയും കുട്ടികളുടെയും തീരുമാനം.

വീഡിയോ കാണാം: