”ഫഹദിന്റെ കണ്ണും മുടിയും അഭിനയിക്കുമെന്ന് പറയാറില്ലേ, അത് നേരിട്ട് മനസിലാക്കിയിട്ടുണ്ട്” ആവേശത്തില്‍ സ്റ്റണ്ട് പരിശീലകനായി പ്രവര്‍ത്തിച്ച കൊയിലാണ്ടി സ്വദേശി ഷാകിബ് പറയുന്നു- പരിശീലന വീഡിയോ കാണാം


കൊയിലാണ്ടി: ജീവിതത്തില്‍ അപ്രതീക്ഷിതമായി സിനിമാരംഗത്തെത്തുകയും ഇന്ത്യകണ്ട മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫറായ ചേതന്‍ ഡിസൂസയുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിയുകയും ചെയ്തതിന്റെ സന്തോഷത്തിലാണ് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി ഷാകിബ്. ചേതന്റെ അസിസ്റ്റന്റായി ഷാകിബ് വര്‍ക്ക് ചെയ്ത മലയാള ചിത്രം ‘ആവേശം’ നിറഞ്ഞ തിയേറ്ററുകള്‍ കീഴടക്കി മുന്നേറുമ്പോള്‍ ചിത്രത്തില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവം കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവെക്കുകയാണ് ഷാകിബ്.


‘ഫഹദ് ഫാസിലിന്റെ കണ്ണും മുടിയുമൊക്കെ അഭിനയിക്കുമെന്ന് പറയാറില്ലേ, അത് സത്യം തന്നെയാണ്’ എന്നാണ് ഫഹദിനെക്കുറിച്ച് ഷാകിബ് പറഞ്ഞത്. ഏറെ ഡെഡിക്കേഷനോടെ സിനിമയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് അദ്ദേഹം. ബംഗളുരുവില്‍ വെച്ചായിരുന്നു ആക്ഷന്‍ രംഗങ്ങള്‍ക്കായി പരിശീലനം നല്‍കിയത്. കിക്കുകള്‍, ജമ്പിങ്ങുകള്‍ എന്നിവ പരിശീലിപ്പിക്കാനായിരുന്നു ആവേശത്തിന്റെ സംവിധായകന്‍ ആവശ്യപ്പെട്ടത്. സിനിമ പുറത്തിറങ്ങി ഇതെല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചുവെന്ന് കാണുമ്പോള്‍ ചിത്രത്തിന്റെ ഭാഗമായ ഒരാള്‍ എന്ന നിലയില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിനിമയും ആക്ഷന്‍ കൊറിയോഗ്രാഫിയുമൊന്നും തന്റെ ചിന്തയിലേ ഉണ്ടായിരുന്നില്ലയെന്നാണ് എന്നാണ് ഈ ഇരുപത്തിനാലുകാരന്‍ പറയുന്നത്. ചെറുപ്പം മുതലേ കളരി പരിശീലിക്കുമായിരുന്നു. ഉമ്മ സുലേഖയും ഉമ്മയുടെ സഹോദരന്മാരുമെല്ലാം കളരി പാരമ്പര്യമുള്ളവരാണ്. ഉമ്മയുടെ സഹോദരന്മാരായ ഹമീദ് ഗുരുക്കളും അബ്ബാസ് ഗുരുക്കളുമാണ് കളരി പരിശീലിപ്പിച്ചത്. കുറുവങ്ങാട് അല്‍ മുബാറക് കളരി സംഘത്തില്‍ പരിശീലകനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് സിനിമയില്‍ നിന്നും അവസരങ്ങള്‍ തേടിയെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

അഭ്യാസ പ്രകടനങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ഇടാറുണ്ടായിരുന്നു. ഈ റീല്‍സില്‍ ചിലതുകണ്ടാണ് പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫറായ ചേതന്‍ ഡീസൂസ കന്നട ചിത്രമായ യു.ഐയ്ക്കുവേണ്ടി സമീപിച്ചത്. തുടര്‍ന്നങ്ങോട്ട് അദ്ദേഹത്തിന്റെ സഹായിയായി. അങ്ങനെയാണ് ആവേശത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഒരാളായി മാറിയതെന്നും ഷാകിബ് വ്യക്തമാക്കി. അപ്രതീക്ഷിതമായി എത്തിയതാണെങ്കിലും ഇനി ഈ രംഗത്ത് തുടരാനാണ് ആഗ്രഹം. നല്ല നല്ല സിനിമകളുടെ ഭാഗമാകാന്‍ ആഗ്രഹമുണ്ട്. ഇനിയും ഒരുപാട് അവസരങ്ങള്‍ തേടിയെത്താന്‍ ആവേശത്തിന്റെ വിജയം സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷാകിബ് പറഞ്ഞു.