നല്ലത് തിന്നൂ, നല്ലോണം കാണൂ; കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിച്ചോളൂ


നാം സാധാരണ കഴിക്കുന്ന ഭക്ഷണ വിഭവങ്ങളില്‍ പലതും നമ്മളില്‍ എത്രത്തോളം മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അവ തരുന്ന ഗുണങ്ങളില്‍ ബോധവാന്മാരായിക്കൊണ്ടാണോ നമ്മളിതെല്ലാം കഴിക്കുന്നത്? കണ്ണിന്റെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്. സ്ട്രോബറി, ബനാന, മാങ്ങ, ആപ്പിള്‍, അനാര്‍ തുടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ബനാനയില്‍ തന്നെ നേന്ത്രപ്പഴം ഞാലിപ്പൂവന്‍ തുടങ്ങിയവയാണ് പ്രധാനം.

മാങ്ങയില്‍ ബദാമി മാങ്ങയിലാണ് ഏറ്റവും കൂടുതല്‍ വൈറ്റമിന്‍സ് അങ്ങിയിട്ടുള്ളത്. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന പപ്പായ, ഇളനീര് തുടങ്ങിയവയാണ് മറ്റു പഴവര്‍ഗ്ഗങ്ങള്‍. ഡ്രൈ ഫ്രൂട്ടുകളായ ബദാം, വാള്‍നട്ട്, ഈത്തപ്പഴം എന്നിവയും കാഴ്ച ശക്തി കൂട്ടുന്നു. ഡ്രൈ ഫ്രൂട്ടുകളെ നേരിട്ടോ പാലിന്റെ കൂടെ ചേര്‍ത്തോ ഉപയോഗിക്കാം. പാലില്‍ ചേര്‍ത്ത് കഴിക്കുന്നതു മൂലം തലച്ചോറിന്റെ വളര്‍ച്ചയെയും സഹായിക്കും.

മറ്റൊരു പ്രധാന വിഭവമാണ് നത്തോലി, ചെമ്മീന്‍, നൂലി തുടങ്ങിയ ചെറു മീനുകളും വലിയ മീനായ ഐക്കൂറയും. വിറ്റാനമിന്‍ എ,സി എന്നിവ അടങ്ങിയ ചുവന്ന ചീരയാണ് അടുത്ത ഇനം. വിറ്റാമിന്‍ എ കണ്ണിലെ കോര്‍ണിയയുടെ സംരക്ഷണത്തിനും വിറ്റാമിന്‍ സി കണ്ണിലെ രക്തക്കുഴലുകളുടെ സംരക്ഷണത്തിനും സഹായിക്കുന്നു. കണ്ണിലെ രോഗങ്ങളുടെ ചെറുത്ത് നില്‍പ്പിനെ ശക്തിപ്പെടുത്തുന്ന ഒന്നാണ് മത്തന്‍.

വിറ്റാമിന്‍ എയുടെ കലവറയായ കാരറ്റ് ആണ് മറ്റൊരു വിഭവം. ഇത് കണ്ണിന്റെ ഉപരിതലത്തെ സംരക്ഷിക്കുകയും വ്യക്തമായ കാഴ്ച പ്രധാനം ചെയ്യുകയും ചെയ്യുന്നു. നാരക ഫലങ്ങളായ നാരങ്ങ, ഓറഞ്ച്, മൂസമ്പി എന്നിവയാണ് മറ്റു വിഭവങ്ങള്‍. അര്‍ബുദത്തെയും ഹൃദ്രോഗത്തെയും തടയുന്ന ബ്രൊക്കോളി കണ്ണിന്റെ ആരോഗ്യത്തെയും സംരക്ഷിക്കാന്‍ കഴിയുന്ന ഒന്നാണ്. കണ്ണിനാവശ്യമായ സിങ്ക് പ്രധാനം ചെയ്യുന്നവയാണ് പരിപ്പ് പോലുള്ള പയര്‍ വര്‍ഗ്ഗങ്ങള്‍. ചോളമാണ് മറ്റൊരു വിഭവം. ചോളത്തിലടങ്ങിയ ല്യൂട്ടിന്‍, സിയാക്സാന്തിന്‍ എന്നീ കരോട്ടിനോയിഡുകള്‍ റെറ്റിനയെ നീല വെളിച്ചം മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് നാശത്തില്‍ നിന്നും സംരക്ഷിക്കുന്നു. രക്തത്തിലെ ഉയര്‍ന്ന അളവിലുള്ള ഈ കരോട്ടിനോയിഡുകള്‍ തിമിരത്തിനുള്ള സാധ്യത കുറക്കുന്നു. ലൈക്കോപീന്‍, ല്യൂട്ടിന്‍, ബീറ്റ കരോട്ടിന്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് തക്കാളി. ഇത് പ്രകാശം മൂലമുണ്ടാകുന്ന കോടുപാടുകളില്‍ നിന്ന് കണ്ണിനെ സംരക്ഷിക്കുന്നു.

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ നെല്ലിക്ക കണ്ണിന്റെ പേശികളെ ശക്തിപ്പെടുത്തുകയും തിമിരത്തിന്റെ ഉറവിടങ്ങളില്‍ ഒന്നായ ഫ്രീ റാഡിക്കലുകളെ ശക്തമായി തടയുകയും ചെയ്യുന്നു. ഇവ കൂടാതെ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍ എന്നിവ അടങ്ങിയ കുരുമുളക്, കാന്താരി തുടങ്ങിയവയും കണ്ണിന്റെ ഉപരിതലത്തെ അണുബാധയില്‍ നിന്നു സംരക്ഷിക്കുകയും റെറ്റിന പ്രശ്നങ്ങള്‍, തിമിരം എന്നിവ ഒരു പരിധി വരെ തടയുകയും ചെയ്യുന്നു.