ഫഹദ് ഫാസിലിന്റെ ‘ആവേശം’ പ്രേക്ഷകമനംകവരുമ്പോള്‍ കൊയിലാണ്ടിയ്ക്കും അഭിമാനിക്കാം; കയ്യടി നേടി കൊയിലാണ്ടിക്കാരനായ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ഷാകിബ്


കൊയിലാണ്ടി: വിഷു ചിത്രങ്ങളില്‍ ഫഹദ് ഫാസില്‍ നായകനായ ആവേശം ബോക്‌സോഫീസ് കീഴടക്കി മുന്നേറുകയാണ്. ഇതുവരെ അന്‍പത് കോടിയോളം കളക്ഷന്‍ നേടി ആവേശം മുന്നേറുമ്പോള്‍ അഭിമാനിക്കാന്‍ കൊയിലാണ്ടിയ്ക്കും വകയുണ്ട്. തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രത്തിലെ ആക്ഷന്‍ സീനുകള്‍ക്ക് പിറകില്‍ ഒരു കൊയിലാണ്ടിക്കാരനാണ്. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫറായ ചേതന്‍ ഡിസൂസയുടെ കീഴില്‍ കുറുവങ്ങാട് സ്വദേശി ഷാകിബാണ് ആവേശത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്കുവേണ്ടി ഫഹദിനെ പരിശീലിപ്പിച്ചതും ഷാകിബാണ്.

ആവേശത്തിനു പുറമേ കന്നട ആക്ഷന്‍ ത്രില്ലറായ ഭഗീരയിലും UIയിലും നായകന്റെ ഡ്യൂപ്പായി വര്‍ക്ക് ചെയ്തിരുന്നു. ഇരു ചിത്രങ്ങളും റിലീസ് കാത്തിരിക്കുകയാണ്.

കൊയിലാണ്ടി കുറുവങ്ങാട് അല്‍മുബാറക്ക് കളരി സംഘത്തില്‍ 17 വര്‍ഷത്തോളം കളരി പരിശീലിക്കുകയും പിന്നീട് പരിശീലകനായി ജോലി ചെയ്യുകയും ചെയ്തിരുന്നു. അല്‍മുബാറക്ക് കളരി സംഘത്തിലെ കളരി ഗുരുക്കളായ ഹമീദ് ഗുരുക്കളുടെയും അബ്ബാസ് ഗുരുക്കളുടെയും സഹോദരിയുടെ മകനാണ് ഷാകിബ്.