‘ലഹരി യാത്രയോടും ഭക്ഷണത്തോടും’; ലഹരിവിരുദ്ധ ദിനത്തില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ വോട്ടുചെയ്ത പുതുലഹരികള്‍
കോഴിക്കോട്: ആഴ്ച്ചയില്‍ ഒരു ദിവസമെങ്കിലും ഒരു യാത്ര പോവണം. കാണാത്ത സ്ഥലങ്ങള്‍ കണ്ടും ആസ്വദിച്ചും അങ്ങനെ അങ്ങനെ… അത് ഒറ്റയ്ക്കായാലും ശരി സുഹൃത്തുക്കളോടൊപ്പമായാലും സന്തോഷം. അതാണ് പുത്തന്‍ തലമുറയുടെ ‘അടിച്ച്പൊളി ലൈഫ്’. യാത്രയെ അത്രകണ്ട് ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം പേരും.
ഇത് സാക്ഷ്യപ്പെടുത്തുന്ന ഒരു വോട്ടിങ് റിസല്‍ട്ടാണ് കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം നടത്തിയ ‘പുതുലഹരിക്കൊരു വോട്ട്’ പരിപാടിയുടെ ഭാഗമായി പുറത്തു വന്നിരിക്കുന്നത്.
‘പുതുലഹരിക്കൊരു വോട്ട്’ എന്ന പേരില്‍ ഹയര്‍സെക്കന്ററി തലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വോട്ടിങില്‍ 19,993 വോട്ടുമായി യാത്ര ഒന്നാം സ്ഥാനത്ത്. സാമൂഹ്യ നീതി, ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് മേധാവികളുടെ നേതൃത്വത്തില്‍ ജില്ലയിലെ 200 ലധികം വിദ്യാലയങ്ങളില്‍ ക്രമീകരിച്ച 300 ഓളം ബൂത്തുകളിലായി 75000ത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ വോട്ടെടുപ്പില്‍ പങ്കാളികളായി.
7,999 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ 29.20 ശതമാനം വോട്ടുകളോടെ യാത്ര ഒന്നാം സ്ഥാനവും 17.52 ശതമാനത്തിന്റെ പിന്തുണയോടെ 11,994 വോട്ടുകളോടെ ഭക്ഷണം രണ്ടാം സ്ഥാനവും 14.56 ശതമാനം വോട്ടുകളോടെ സൗഹൃദം മൂന്നാം സ്ഥാനവും നേടി. കായികം (12.65%), സിനിമ (5.85%), സാമൂഹിക സേവനം (4.67%) യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ആകെ വോട്ടില്‍ 94.15% പേര് ലഹരിക്കെതിരായി വോട്ട് രേഖപ്പെടുത്തി.
ഫാറൂക്ക് എച്ച്.എസ്.എസ് (90.78%), വകയാട് എന്‍.എച്ച്.എസ്.എസ്. (85.61%), കൊടുവള്ളി ഗവ. എച്ച്.എസ്.എസ്. (84.51%), കുറ്റ്യാടി എച്ച്.എസ്.എസ്. (83.30%), നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (82.23%) എന്നീ ബൂത്തുകള്‍ ഉയര്‍ന്ന പോളിങ്ങ് രേഖപ്പെടുത്തി. കൊയിലാണ്ടി (93.09%), കുന്നുമ്മല്‍ (88.64%), മേലടി (86.31%), കൊടുവള്ളി (85.15%), നാദാപുരം (84.94%) എന്നിവയാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയ വിദ്യാഭ്യാസ ഉപ ജില്ലകളാണ്.
വോട്ടെടുപ്പിന്റെ ഫലപ്രഖ്യാപനം സാമൂഹ്യ ക്ഷേമ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ജില്ലാ കലക്ടറുടെ സാമൂഹ്യ മാധ്യമ പേജുകള്‍ വഴി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചടങ്ങില്‍ നിര്‍വഹിച്ചു. സന്തോഷ് ജോര്‍ജ്ജ് കുളങ്ങര ആശംകളര്‍പ്പിച്ചു.
മികച്ച പ്രതികരണമാണ് വോട്ടെടുപ്പിനാകെ വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിച്ചത്. ഉയര്‍ന്ന പോളിംഗ് ശതമാനം പുലര്‍ത്തിയതും അതൊടനുബന്ധിച്ച പ്രചാരണ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമായി. ആകെ രേഖപ്പെടുത്തിയ വോട്ടിങ്ങ് ശതമാനം 83.14%. 996 വോട്ടുകള്‍ അസാധുവായി. അധ്യാപക കോര്‍ഡിനേറ്റര്‍മാര്‍ വോട്ടെടുപ്പിന് നേതൃത്വം നല്കി.
summary: travel is the key to young peoples addiction, voting result