മണ്ണിനെ അറിയാം പഠിക്കാം; മഴക്കാല പച്ചക്കറി കൃഷിയ്ക്ക് തുടക്കമിട്ട് മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍


മേപ്പയ്യൂര്‍: മഴക്കാല പച്ചക്കറി കൃഷിയ്ക്ക് തുടക്കമിട്ട് മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍. വി.എച്ച്.എസ്.സി കാര്‍ഷിക വിദ്യാര്‍ത്ഥികളും എന്‍.എസ്.എസ് യൂണിറ്റ് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് കൃഷി തോട്ടം ഒരുക്കിയത്. പച്ചക്കറി കൃഷി ചെയ്തു പഠിക്കുന്നതിനോടൊപ്പം മണ്ണിനെ പറ്റിയും ശാസ്ത്രീയ കൃഷി മുറകളെ പറ്റിയും പഠിച്ച് കൃഷിയെ അടുത്തറിയുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

മേപ്പയൂര്‍ പഞ്ചായത്ത് കൃഷിഭവനും വി.എച്ച്.എസ്.സി യും സംയുക്തമായി നടത്തിയ പരിപാടി മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ പച്ചക്കറി തൈകള്‍ നട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മേപ്പയൂര്‍ കൃഷി ഓഫീസര്‍ ഡോ: അപര്‍ണ ആര്‍.എ പദ്ധതി വിശദീകരണം ചെയ്തു.

പി.ടി.എ പ്രസിഡന്റ് വി.പി ബിജു, കൃഷി അസിസ്റ്റന്റ് സ്‌നേഹ സി.എസ്,എസ്, എം.സി ചെയര്‍മാന്‍ സുധാകരന്‍ പുതുക്കുളങ്ങര എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ അറിയിച്ചു. വി.എച്ച്.എസ്.സി പ്രിന്‍സിപ്പാള്‍ ആര്‍. അര്‍ച്ചന സ്വാഗതം പറഞ്ഞ ചടങ്ങില്‍ വിദ്യാര്‍ത്ഥി പ്രതിനിധി ദേവദര്‍ശന്‍ നന്ദി പറഞ്ഞു.