ആവേശം, ആകാംക്ഷ, ഒടുവില്‍ അണപൊട്ടി ആഹ്‌ളാദം; ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ കുതിപ്പ് തത്സമയം ബിഗ് സ്‌ക്രീനില്‍ കണ്ട് കൊയിലാണ്ടി ഐ.സി.എസ് സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍


കൊയിലാണ്ടി: ഇന്ത്യയുടെ ചരിത്ര ദൗത്യമായ ചാന്ദ്രയാൻ-3 വിക്ഷേപണത്തിന് ദൃക്സാക്ഷികളായി കൊയിലാണ്ടി ഐ.സി.എസ് സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ. വെള്ളിയാഴ്ച ഉച്ചയ്ക്ക് 02:35 ന് ശ്രീഹരിക്കോട്ടയിൽ നിന്നുള്ള വിക്ഷേപണ ദൃശ്യം സ്കൂൾ ക്യാമ്പസിലൊരുക്കിയ വലിയ സ്ക്രീനിലാണ് വിദ്യാർത്ഥികൾ കണ്ടത്. സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ചന്ദ്രയാൻ-3 വിക്ഷേപണം സ്കൂളിൽ തത്സമയം സംപ്രേക്ഷണം ചെയ്തത്.

തുടക്കം മുതൽ ഒടുക്കം വരെ വിദ്യാർത്ഥികൾ ആവേശത്തോടെയും ആകാംക്ഷയോടെയുമാണ് ചന്ദ്രയാൻ-3 വിക്ഷേപണം വീക്ഷിച്ചത്. വിജയകരമായി ഓരോ ഘട്ടവും പൂർത്തീകരിച്ച് മുന്നോട്ടേക്ക് കുതിക്കുമ്പോൾ ഐ.എസ്.ആർ.ഒയിലെ ദൗത്യ സംഘത്തിലെ ശാസ്ത്രജ്ഞന്മാരുടെ ആഹ്ളാദ പ്രകടനങ്ങൾക്കൊപ്പം ബിഗ് സ്ക്രീനിന് മുന്നിൽ ആഘോഷിക്കുകയായിരുന്നു ഐ.സി.എസ്സിലെ കുരുന്നുകൾ.

സർഗാത്മകവും നവീനവുമായ രീതികളിലൂടെ പഠന-പഠനാനുബന്ധ അനുഭവങ്ങൾ നേടിയെടുത്ത് ഉയർന്ന ചിന്താഗതിയും കർമ്മ ശേഷിയുമുള്ള വിദ്യാർത്ഥികളായി വളരുന്നതോടൊപ്പം രാജ്യസ്നേഹമുള്ള പൗരന്മാർ ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഐ.സി.എസ് ഇത്തരമൊരു അനുഭവം വിദ്യാർത്ഥികൾക്ക് ഒരുക്കിയത്. ചന്ദ്രയാൻ-3 വിക്ഷേപണ ദൗത്യത്തെ കുറിച്ചും ഐ.എസ്.ആർ.ഒ എന്ന ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനത്തെ കുറിച്ച് സ്കൂൾ പ്രധാനാധ്യാപകൻ എം.സഈദ് പിസി വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. സ്കൂൾ ഡെപ്യൂട്ടി എച്ച്.എം നാരായണൻ മാസ്റ്റർ, സയൻസ് ക്ലബ് പ്രതിനിധികൾ എന്നിവർ പരിപാടിയിൽ സാന്നിധ്യമറിയിച്ചു.

ചിത്രങ്ങൾ കാണാം: