പ്രതിഭകളുടെ മികവിന് അഭിനന്ദനം; വിവിധ മത്സരങ്ങളിലും പരീക്ഷകളിലും വിജയം നേടിയ ആന്തട്ട ഗവ. യു.പി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു


Advertisement

കൊയിലാണ്ടി: വിവിധ  പരീക്ഷകളിലും മത്സരങ്ങളിലും വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് ആന്തട്ട ഗവ. യു.പി സ്കൂൾ. എൽ.എസ്.എസ് സ്കോളർഷിപ്പുകൾ നേടിയവരും വിവിധ മത്സരങ്ങളിൽ പഞ്ചായത്ത്/ഉപജില്ലാ തലങ്ങളിൽ പങ്കെടുത്ത് മികവ് തെളിയിച്ചവരുമായ ആന്തട്ട ഗവ. യു.പി സ്കൂളിലെ കുട്ടികൾക്കായാണ് ‘പ്രതിഭകൾക്കൊപ്പം’ എന്ന പരിപാടി സംഘടിപ്പിച്ചത്.

Advertisement

അരങ്ങാടത്ത് ദേശീയപാതയ്ക്ക് സമീപം സൂപ്പർമാർക്കറ്റിന് മുൻവശത്ത് പ്രത്യേകമായി സജ്ജീകരിച്ച വേദിയിലാണ് പരിപാടി നടന്നത്. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ, വൈസ് പ്രസിഡന്റ് പി.വേണു മാസ്റ്റർ എന്നിവർ ഉൾപ്പെടെ പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളും വിദ്യാഭ്യാസ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

Advertisement

സംസ്ഥാന ബാലസാഹിത്യ പുരസ്കാര ജേതാവും കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുമായ മനോജ് മണിയൂരിനെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അദ്ദേഹത്തെ ഷാൾ അണിയിക്കുകയും ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.

Advertisement

അഞ്ചാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനം വിദ്യാഭ്യാസ ഉപഡയറക്ടർ വേദിയിൽ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വേണു, ജനപ്രതിനിധികളായ കെ.ജുബീഷ്, ബിന്ദു മുതിരക്കണ്ടത്തിൽ, സുധ കാവുങ്കൽപൊയിൽ, കെ.സുധ, പ്രധാനാധ്യാപകൻ എം.ജി.ബൽരാജ്, സ്റ്റാഫ് സെക്രട്ടറി ബേബി രമ എന്നിവർ സംസാരിച്ചു.

മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ, മണിലാൽ കൊയിലാണ്ടി എന്നിവർ ഒരുക്കിയ കലാവിരുന്ന് ഏറെ ഹൃദ്യമായി. പ്രതിഭകളെ അനുമോദിക്കുന്ന പരിപാടിയിൽ സ്കൂളിലെ മുഴുവൻ അധ്യാപകരും നിരവധി കുട്ടികളും രക്ഷിതാക്കളും പി.ടി.എ ഭാരവാഹികളും എസ്.എസ്.ജി അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.