പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല; മുക്കത്ത് പമ്പ് ജീവനക്കാരനെ വളഞ്ഞിട്ട് തല്ലി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍
മുക്കം: പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല. മുക്കത്ത് പമ്പ് ജീവനക്കാരനെ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി. മണാശ്ശേരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പമ്പിലെ ജീവനക്കാരനായ ബിജുവിനെയാണ് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ കൂട്ടമായെത്തി തല്ലിയത്. വിദ്യാര്‍ത്ഥികള്‍ ആക്രമം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
യൂണിഫോം ധരിച്ച് ബൈക്കിലെത്തിയ വിദ്യാര്‍ത്ഥികള്‍ പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കാനാവശ്യപ്പെടുകയായിരുന്നു. എന്നാല്‍ എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസിന്റെ പശ്ചാത്തലത്തില്‍ കുപ്പിയില്‍ ഇന്ധനം നല്‍കരുതെന്ന് പൊലീസ് പമ്പുടമകള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നതിനാല്‍ കുട്ടികള്‍ക്ക് കുപ്പിയില്‍ പെട്രോള്‍ നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. ഇതിനെച്ചൊല്ലി ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ കൂടുതല്‍ വിദ്യാര്‍ത്ഥികളെത്തി അക്രമിക്കുകയായിരുന്നുവെന്ന് പമ്പ് ജീവനക്കാര്‍ ആരോപിക്കുന്നത്.
അക്രമത്തില്‍ പമ്പ് ജീവനക്കാരനായ ബിജുവിന്റെ തലക്കും കാലിനുമാണ് പരുക്കേറ്റത്. ഇയാള്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി. പെട്രോള്‍ പമ്പില്‍ അക്രമ സംഭവങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പമ്പുടമകള്‍ പറഞ്ഞു. പെട്രോള്‍ പമ്പുടമയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അക്രമം നടത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചറിയാന്‍ ശ്രമം തുടങ്ങിയതായും പൊലീസ് പറഞ്ഞു.