നിലവിലെ കണ്‍സഷന്‍ നിരക്ക് വിദ്യാര്‍ഥികള്‍ തന്നെ നാണക്കേടായി കാണുന്നു; നിരക്ക് വര്‍ധിപ്പിക്കേണ്ടിവരുമെന്ന് ഗതാഗതമന്ത്രി


കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കണ്‍സഷന്‍ തുക അവര്‍ തന്നെ നാണക്കേടായി കാണുന്നുവെന്നും അഞ്ചരൂപ കൊടുത്ത് പലരും ബാക്കി വാങ്ങാറില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കും. നിരക്ക് വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം ന്യായമാണ്. പൊതുജനാഭിപ്രായം കൂടി നോക്കിയിട്ട് നിരക്ക് ഉയര്‍ത്തുന്ന കാര്യം നടപ്പാക്കം. എത്രത്തോളം വര്‍ധനവേണ്ടിവരുമെന്ന് ചര്‍ച്ച ചെയ്യുമെന്നും സൂക്ഷ്മതയോടെ മാത്രമേ നിരക്ക് ഉയര്‍ത്തൂവെന്നും അദ്ദേഹം പറഞ്ഞു.

ബസ് സമരത്തെ കുറിച്ച് ഉടമകള്‍ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ചാര്‍ജ് വര്‍ധിപ്പിക്കേണ്ടത് സ്വകാര്യ ബസുകളേക്കാള്‍ കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യമാണ്. ബള്‍ക്ക് പര്‍ച്ചേഴ്‌സ് ചെയ്തവര്‍ക്ക് വില കൂട്ടിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതായും മന്ത്രി അറിയിച്ചു.

അതേസമയം മന്ത്രിയുടെ പ്രസ്താവനക്കെതിരെ കെ.എസ്.യു രംഗത്തെത്തിയിട്ടുണ്ട്.. മന്ത്രിയുടേത് നിരുത്തരവാദപരമായ പരാമര്‍ശമാണെന്നും കണ്‍സഷനെ പുച്ഛത്തോടെയാണ് കാണുന്നതെന്നും സംസ്ഥാന അധ്യക്ഷന്‍ കെ.എം. അഭിജിത്ത് പറഞ്ഞു.

ബസ് യാത്രാനിരക്ക് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. പത്ത് രൂപയില്‍ നിന്നും പന്ത്രണ്ട് രൂപയായി നിരക്ക് ഉയര്‍ത്തണമെന്നാണ് ആവശ്യം.