കൊല്ലം കുന്ന്യോറമലയില്‍ വീണ്ടും ശക്തമായ മണ്ണിടിച്ചില്‍; 12 വീടുകള്‍ അപകടാവസ്ഥയില്‍, മാറിത്താമസിക്കാന്‍ നിര്‍ദേശം- വീഡിയോ കാണാം


കൊല്ലം: കൊല്ലം കുന്ന്യോറമലയില്‍ ദേശീയപാതയ്ക്കായി മണ്ണെടുത്ത ഭാഗങ്ങളില്‍ വീണ്ടും ശക്തമായ മണ്ണിടിച്ചില്‍. ഇന്നലെ രാത്രി രണ്ടുമണിയോടെയാണ് മണ്ണിടിഞ്ഞത്. പ്രദേശത്തെ പന്ത്രണ്ട് വീടുകള്‍ അപകടാവസ്ഥയിലാണ്.

മഴ കനത്തതോടെ കഴിഞ്ഞദിവസങ്ങളിലും പ്രദേശത്ത് ശക്തമായ മണ്ണിടിച്ചിലുണ്ടായിരുന്നു. കുന്ന്യോറമല ഒ.പി നാണു, പി.വി.പ്രജീഷ് എന്നിവരുടെ വീടുകള്‍ ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചലിനെ തുടര്‍ന്ന് കൂടുതല്‍ അപകടാവസ്ഥയിലായി.

ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി കുന്ന്യോറമലയുടെ ഭാഗങ്ങള്‍ ഇടിച്ചിരുന്നു. എന്നാല്‍ റോഡിന് ആവശ്യമായ സ്ഥലം കഴിഞ്ഞിട്ടും മലയുടെ അടിഭാഗം തുരന്നതാണ് മണ്ണിടിച്ചില്‍ ഉണ്ടാവാന്‍ കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം.

വില്ലേജ് അധികൃതര്‍ ഇന്ന് സ്ഥലത്തെത്തിയിട്ടുണ്ട്. അപകടാവസ്ഥയിലായ വീട്ടുകാരോട് മാറിത്താമസിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ മണ്ണിടിച്ചലുണ്ടായ പ്രദേശത്തുള്ള നാലോളം പേര്‍ ഇതിനകം ഇവിടെ നിന്നും മാറിത്താമസിച്ചിട്ടുണ്ട്. നിലവിലെ താമസച്ചെലവ് സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും മറ്റ് നഷ്ടപരിഹാരമൊന്നും തന്നെ ലഭിച്ചിട്ടില്ല.

ജീവന്‍ അപകടാവസ്ഥയിലായതിനാല്‍ വീടുമാറുകയല്ലാതെ മറ്റ് വഴിയില്ലെന്നാണ് പ്രദേശവാസികളും പറയുന്നത്. അതേസമയം, അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കുന്ന്യോറമല നിവാസികള്‍ ആവശ്യപ്പെടുന്നു.