ശക്തമായ ചുഴലികാറ്റ്: മൂടാടിയിലും പരിസരപ്രദേശങ്ങളിലും വ്യാപകനാശം, തെങ്ങുകളും കവുങ്ങുകളും പൊട്ടിവീണു


മൂടാടി: ഇന്ന് പുലര്‍ച്ചെ വീശിയടിച്ച ശക്തമായ ചുഴലികാറ്റില്‍ മൂടാടിയിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടങ്ങള്‍. പല സ്ഥലങ്ങളിലും തെങ്ങുകളും കവുങ്ങുകളും മരങ്ങളും പൊട്ടിവീണു.

പുലര്‍ച്ചെ 4മണിയോടെയാണ് സംഭവം. ശ്രീലക്ഷ്മയില്‍ കെ.എം ചന്ദ്രന്റെ വീട്ടുമുറ്റത്ത് ഷെഡ്ഡിന് മുകളില്‍ തെങ്ങ്‌ വീണ് ഷെഡ് ഭാഗികമായി തകര്‍ന്നു. ചട്ടിക്കണ്ടി ലീലയുടെ വീടിന് സമീപത്തെ തെങ്ങ് മുറിഞ്ഞ് തൊട്ടടുത്ത പറമ്പിലേക്ക് വീണു. ആര്‍ക്കും പരിക്കുകളില്ല.

പലയിടങ്ങളിലും കവുങ്ങുകളും മറ്റു ഇലക്ട്രിക് ലൈനുകളിലേക്ക്‌ വീണതായും വിവരമുണ്ട്. ചുഴലിക്കാറ്റില്‍ മരങ്ങളും മറ്റും വീണ പ്രദേശങ്ങളിലെ വീടുകള്‍ വാര്‍ഡ് മെമ്പര്‍ സുമതി സന്ദര്‍ശിച്ചു. മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള പ്രവൃത്തികള്‍ ആരംഭിച്ചതായി മെമ്പര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.