മുചുകുന്നില്‍  തെരുവുനായ ആക്രമണം; വയോധികയുടെ തലയ്ക്കും ചെവിയ്ക്കും കടിയേറ്റു


കൊയിലാണ്ടി: മുചുകുന്നില്‍ തെരുവുനായയുടെ ആക്രമണത്തില്‍ വയോധികയ്ക്ക്  പരിക്ക്. തലയ്ക്കും ചെവിയ്ക്കും

കാലിനും കടിയേറ്റിട്ടുണ്ട്. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം.

മുചുകുന്ന് പഴയ തെരുവത്ത് ദേവിയ്ക്കാണ് കടിയേറ്റത്. വീട്ടിലെ മോട്ടോര്‍ ഓഫാക്കാനായി പുറത്തിറങ്ങിയപ്പോള്‍ തെരുവുനായ ആക്രമിക്കുകയായിരുന്നു. ദേവിയുടെ ശബ്ദം കേട്ട് ഓടിക്കൂടിയ വീട്ടുകാരും സമീപത്തെ ആളുകളും എത്തിയപ്പോള്‍ നായ പെട്ടെന്ന് ഓടിപ്പോവുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ദേവിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പും മുചുകുന്നില്‍ തെരുവുനായയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി പ്രദേശവാസി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.