‘കൊല്ലം ചിറയ്ക്ക് സമീപത്തെ ഫോർ ഒ ക്ലോക്ക് റെസ്റ്റോറന്റില്‍ നിന്ന് പിടിച്ചെടുത്തത് പഴകിയ ഭക്ഷണങ്ങൾ തന്നെ’; സ്ഥിരീകരിച്ച് കൊയിലാണ്ടി നഗരസഭ ആരോഗ്യവിഭാഗം, വിവരാവകാശരേഖ പുറത്ത്


കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപത്തുള്ള ഫോര്‍ ഒ ക്ലോക്ക് എന്ന ഹോട്ടലില്‍ നിന്നും പിടിച്ചെടുത്തത് പഴകിയ ഭക്ഷണം തന്നെയെന്ന് നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ സ്ഥിരീകരണം. കൊയിലാണ്ടി ന്യൂസ് ഡോട് കോം വിവരാവകാശ പ്രകാരം നല്‍കിയ ചോദ്യത്തിന് മറുപടിയായാണ് നഗരസഭാ ആരോഗ്യവിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചത്.

2024 ജനുവരി 10 ഫോര്‍ ഒ ക്ലോക്കില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തത് സംബന്ധിച്ച് കൊയിലാണ്ടി ന്യൂസ് ഡോട് കോം വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമാണെന്നും ഫോര്‍ ഒ ക്ലോക്കിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ആരോപിച്ച് ഹോട്ടല്‍ അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ വാര്‍ത്തയില്‍ പറയുന്ന കാര്യങ്ങള്‍ ശരിവെക്കുന്നതാണ് നഗരസഭയില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി.

വേവിച്ചതും ശരിയായ ഊഷ്മാവില്‍ അല്ലാതെ സൂക്ഷിച്ചിട്ടുള്ളതുമായ ചിക്കന്‍, ബീഫ്, റൈസ്, ചപ്പാത്തി, പൊറോട്ട, വെജ് കറി, മയനൈസ് എന്നീ ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുമാണ് ഫോര്‍ ഒ ക്ലോക്കില്‍ നിന്നും പിടിച്ചെടുത്തതെന്നാണ് വിവരാവാകശ പ്രകാരം ലഭിച്ച രേഖയില്‍ പറയുന്നത്. ക്രമക്കേട് കണ്ടെത്തിയ ഹോട്ടലുകള്‍ക്കെതിരെ നോട്ടീസ് നല്‍കി നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്നും നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്.

ഫോര്‍ ഒ ക്ലോക്കിന്റെ നോട്ടീസിന് കൊയിലാണ്ടി ന്യൂസ് ഡോട് കോം നിയമപരമായി മറുപടി നല്‍കിയിട്ടുണ്ട്. മറുപടിയില്‍ വിവരാവകാശ പ്രകാരം ലഭിച്ച രേഖയുടെ കാര്യവും വ്യക്തമാക്കിയിട്ടുണ്ട്.

2024 ജനുവരി 10നാണ് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടിയിലെ വിവിധ ഹോട്ടലുകളില്‍ പരിശോധന നടത്തുകയും പഴയ ഭക്ഷണ സാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളും പിടിച്ചെടുത്തത്. ഫോര്‍ ഒ ക്ലോക്കിന് പുറമേ പഴയ ഭക്ഷണം പിടിച്ചെടുത്ത മറ്റ് ഹോട്ടലുകളുടെയും പേര് വിവരങ്ങള്‍ ഉള്‍പ്പെടെ കൊയിലാണ്ടി ന്യൂസ് ഡോട് കോം റിപ്പോര്‍ട്ടു ചെയ്തിരുന്നു.